
പാലക്കാട്: ധോണിയില്‍ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചു വരുന്ന പി ടി സെവനെ കൂടിന് പുറത്തിറക്കി. പിടികൂടി ഏഴര മാസത്തിനുശേഷമാണ് ആനയെ കൂടിന് പുറത്തിറക്കുന്നത്. കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായാണ് ആനയെ കൂടിന് പുറത്തിറക്കിയത്. ചീഫ് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് ആനയെ പുറത്തിറക്കിയത്.
നേരത്തെ തൃശ്ശൂർ വെറ്റിനറി സർവകലാശാലയിലെ സർജന്മാരുടെ സംഘമാണ് പി ടി സെവൻ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുന്നതായി കണ്ടെത്തിയത്. ഡോക്ടർ ശ്യാം കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഇതോടെ പി ടി സെവന് നടത്താനിരുന്ന നേത്ര ശസ്ത്രക്രിയ വനംവകുപ്പ് വേണ്ടെന്ന് വെച്ചിരുന്നു. കണ്ണിൽ നൽകിയിരുന്ന തുള്ളി മരുന്നുകളോടൊപ്പം, ഭക്ഷണ മാർഗവും മരുന്ന് നൽകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ തന്നെ പി ടി സെവനുള്ള വിദഗ്ദ ചികിത്സ തുടരുമെന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ആനയുടെ ഇടത് കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടന്ന കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആനയുടെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പ് ശസ്ത്രക്രിയ നടത്തി ആനയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നതിനിടെയാണ് പി ടി സെവൻ കാഴ്ച വീണ്ടെടുക്കുന്നുവെന്ന് വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാർ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ആനയെ കൂടിന് പുറത്തിറക്കുന്നത്.
പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ പി ടി സെവനെ ജനുവരി അവസാനമാണ് പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടിയാത്. ശ്രമകരമായ ദൗത്യത്തിനൊടുവിലായിരുന്നു കോര്‍മ മേഖലയില്‍ വെച്ച പി ടി സെവനെ മയക്ക് വെടിവെച്ച് പിടികൂടിയത്.