

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറ എത്ര മെഗാപിക്‌സലാണ്, റാം എത്രയാണ്, സ്റ്റോറേജ് എത്രയുണ്ട്, ഡിസ്‌പ്ലേ എങ്ങനെയാണ് എന്നൊക്കെയാണ് നമ്മളില്‍ പലരും ആദ്യം നോക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ബാറ്ററി. ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറയും സ്റ്റോറേജും മാത്രം നോക്കിയാല്‍ പോരാ ബാറ്ററിയുടെ ആയുസ്സും അറിയണം. ഫോണ്‍ എത്ര മികച്ചതായാലും ബാറ്ററി പെട്ടെന്ന് തീര്‍ന്നുതുടങ്ങിയാല്‍ ഉപയോഗം ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ പുതിയ ഫോണ്‍ വാങ്ങുമ്പോഴും ഉപയോഗിക്കുന്ന ഫോണിന്റെ അവസ്ഥ പരിശോധിക്കുമ്പോഴും ബാറ്ററി ഹെല്‍ത്ത് കൂടി അറിയുന്നത് നല്ലതാണ്.ആന്‍ഡ്രോയിഡിലും ഐഫോണിലും ബാറ്ററി ഹെല്‍ത്ത് പരിശോധിക്കാനുള്ള വഴികള്‍ ഇതാ…

ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. സാധാരണ ഉപയോഗത്തില്‍ ഒരു ഫോണ്‍ ബാറ്ററിക്ക് ഏകദേശം 2 മുതല്‍ 4 വര്‍ഷം വരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. എന്നാല്‍ ഇത് എല്ലാ ഫോണിലും ഒരുപോലെ ആയിരിക്കണമെന്നില്ല. ഫോണ്‍ എത്രത്തോളം ഉപയോഗിക്കുന്നു, എത്ര തവണ ചാര്‍ജ് ചെയ്യുന്നു, ചൂടാകുന്നുണ്ടോ, എങ്ങനെയാണ് ചാര്‍ജ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കും. കാലം കഴിയുന്തോറും ബാറ്ററിയുടെ ശേഷി കുറയുന്നത് സ്വാഭാവികമാണ്. പുതിയ ഫോണ്‍ ഒറ്റ ചാര്‍ജില്‍ ദിവസം മുഴുവന്‍ നിന്നിരുന്നെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഉപയോഗത്തില്‍ തന്നെ ബാറ്ററി വേഗത്തില്‍ തീരുന്നത് ഇതുകൊണ്ടാണ്.

ഫോണില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാറ്ററി പഴയതാകുന്നതിന്റെ സൂചനയായിരിക്കാം
ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബാറ്ററി വീര്‍ക്കുന്നതാണ്. ബാറ്ററി വീര്‍ത്താല്‍ ഫോണിന്റെ പിന്‍ഭാഗമോ സ്‌ക്രീനോ പുറത്തേക്ക് ഉയര്‍ന്നതായി കാണാം. ഇത്തരമൊരു സാഹചര്യത്തില്‍ ആ ഫോണ്‍ വീണ്ടും ഉപയോഗിക്കാതെ അംഗീകൃത സര്‍വീസ് സെന്ററില്‍ കൊടുത്ത് പരിശോധിക്കുന്നതാണ് നല്ലത്.
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ബാറ്ററിയുടെ അവസ്ഥ വളരെ എളുപ്പത്തില്‍ പരിശോധിക്കാം.
Settings - Battery - Battery Health - Charging എന്നിവയിലേക്ക് പോകുക. ഇവിടെ Maximum Capacity എന്ന ഓപ്ഷന്‍ കാണാം. പുതിയ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ബാറ്ററിക്ക് എത്ര ശേഷിയുണ്ടെന്ന് ഇത് മനസിലാക്കിത്തരുന്നു. ഉദാഹരണത്തിന് Maximum Capacity 90% ആണെങ്കില്‍ പുതിയ ബാറ്ററിയിലുണ്ടായിരുന്ന ശേഷിയുടെ ഏകദേശം 90 ശതമാനം നിലനില്‍ക്കുന്നുവെന്നാണ് അര്‍ഥം.ഇതേ വിഭാഗത്തില്‍ ബാറ്ററിയുടെ പ്രകടനവുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കും.

ഇവിടെയാണ് ചെറിയ വ്യത്യാസം. എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ബാറ്ററി ഹെല്‍ത്ത് പരിശോധിക്കാനുള്ള സംവിധാനം ഒരേ രീതിയിലായിരിക്കില്ല. ഫോണ്‍ നിര്‍മാതാവിനെയും മോഡലിനെയും ആശ്രയിച്ച് സെറ്റിങ്‌സിലെ ഓപ്ഷനുകള്‍ മാറാം. ചില ഫോണുകളില്‍ Settings - Battery - Battery Health എന്ന ഓപ്ഷനുകളില്‍ പോയാല്‍ ബാറ്ററി ഹെല്‍ത്ത് അറിയാന്‍ കഴിയും.
ഈ ഓപ്ഷന്‍ കാണുന്നില്ലെങ്കില്‍ Settings-ല്‍ Battery Health, Battery Information തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് തിരയാം.ചില ഫോണുകളില്‍ ബാറ്ററി ശേഷി, ചാര്‍ജിംഗ് സൈക്കിളുകള്‍, ബാറ്ററിയുടെ അവസ്ഥ തുടങ്ങിയ വിവരങ്ങളും ലഭ്യമായേക്കാം.

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ക്യാമറയും സ്റ്റോറേജും മാത്രം നോക്കാതെ ബാറ്ററിയുടെ ശേഷി, ചാര്‍ജിംഗ് സപ്പോര്‍ട്ട്, ബാറ്ററി ഹെല്‍ത്ത് സംബന്ധിച്ച വിവരങ്ങള്‍, നിര്‍മാതാവ് നല്‍കുന്ന ബാറ്ററി വാറന്റി എന്നിവയും പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പഴയതോ ഉപയോഗിച്ചതോ ആയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ബാറ്ററിയുടെ അവസ്ഥ കൂടുതല്‍ ശ്രദ്ധിക്കണം. ഫോണ്‍ പുറമേ പുതിയതുപോലെ തോന്നിയാലും ബാറ്ററി പഴകിയതാണെങ്കില്‍ പിന്നീട് അധിക ചെലവ് വരാം.
ഫോണിന്റെ വേഗതയും ക്യാമറയും പ്രധാനമാണ്. പക്ഷേ ഫോണ്‍ ഓണ്‍ ആക്കി നിര്‍ത്തുന്നത് ബാറ്ററിയാണ്. അതുകൊണ്ട് അടുത്ത തവണ ഫോണ്‍ വാങ്ങുമ്പോള്‍ 'ബാറ്ററി എത്ര mAh' എന്ന് മാത്രം ചോദിക്കാതെ, ബാറ്ററി ഹെല്‍ത്ത് എങ്ങനെയാണ് എന്നും കൂടി പരിശോധിക്കാം.
Content Highlights :How do you know how long a phone's battery will last? Here are the ways to check battery health on Android and iPhone...