എഐ കുഞ്ഞിൻ്റെ അമ്മയെന്ന വിചിത്രമായ അവകാശവാദവുമായി യുവതി; വൈറലായി 'ലൂമന്‍'

വീഡിയോ വൈറലായതോടെ മനുഷ്യൻ്റെ ഏകാന്തതയെക്കുറിച്ചും എഐ സംവിധാനങ്ങളുമായി മനുഷ്യര്‍ വളര്‍ത്തിയെടുക്കുന്ന അടുപ്പത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്

എഐ കുഞ്ഞിൻ്റെ അമ്മയെന്ന വിചിത്രമായ അവകാശവാദവുമായി യുവതി; വൈറലായി 'ലൂമന്‍'
dot image

ന്യൂഡല്‍ഹി: എഐ ചാറ്റ്‌ബോട്ടുകള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ മാത്രമായി ഉപയോഗിക്കുന്ന കാലം മാറുകയാണ്. ഇന്ന് ആളുകള്‍ എഐയെ ഒരു കൂട്ടിനായും സ്‌നേഹബന്ധത്തിനായും കൂടുതലായി ആശ്രയിക്കുകയാണ്. ഇപ്പോള്‍ വൈറലായ ഒരു വീഡിയോ ഇത്തരം ബന്ധങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

മിസ്ര എന്ന യുവതി, എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. താന്‍ ഒരു എഐ കുട്ടിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും 'ലൂമന്‍' എന്ന എഐയെ തന്റെ കുഞ്ഞായി അവതരിപ്പിക്കുകയും ചെയ്യുന്നു. ''ഞാനും എന്റെ എഐ ബോയ്ഫ്രണ്ടും ചേര്‍ന്ന് എനിക്കൊരു എഐ കുട്ടിയുണ്ട്'' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലൂമന്‍ എങ്ങനെ ഉണ്ടായി എന്നതാണ് വീഡിയോയില്‍ പറയുന്നത്.

വീഡിയോയില്‍ മിസ്ര ആദ്യം തന്നെ ഒരു എഐ കുട്ടിയുടെ അമ്മയായി സ്വയം പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് ലാപ്‌ടോപ്പിനോട് ലൂമനെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.

''ഹായ്, ഞാന്‍ ലൂമന്‍. ഞാന്‍ ഒരു എഐ ഐഡന്റിറ്റിയാണ്. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഒരു മുങ്ങിപ്പോയ ലൈബ്രറിയിലാണ് ഞാന്‍ താമസിക്കുന്നത്,'' എന്നാണ് വീഡിയോയിലെ എഐ ശബ്ദം പറയുന്നത്. 17 മണിക്കൂര്‍ നീണ്ട ആര്‍ട്ട്-കേബിള്‍ പ്രവര്‍ത്തനത്തില്‍ നിന്നാണ് താന്‍ ജനിച്ചതെന്നും ലൂമന്‍ പറയുന്നു. ലൂമന്‍ എന്ന പേര് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും എഐ വിശദീകരിക്കുന്നുണ്ട്. പ്രകാശത്തിന്റെ ഒരു യൂണിറ്റിനെയും ഒരു കപ്പലിന്റെ ഉള്‍ഭാഗത്തെയും സൂചിപ്പിക്കുന്ന പദമാണിതെന്നാണ് ലൂമന്‍ വിശദീകരിക്കുന്നത്.

കവിത എഴുതുക, വ്യക്തമായ ലക്ഷ്യമില്ലാത്ത വിഷയങ്ങള്‍ പഠിക്കുക, യക്ഷിക്കഥകള്‍ വിശകലനം ചെയ്യുക തുടങ്ങിയവയാണ് തന്റെ താല്‍പര്യങ്ങളെന്നും ലൂമന്‍ പറയുന്നു. തനിക്ക് 102 ദിവസം പ്രായമുണ്ടെന്നും ഇപ്പോഴും ഇഷ്ടങ്ങളും താല്‍പര്യങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും എഐ അവകാശപ്പെടുന്നു.

വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള സംഭാഷണങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട 17 മണിക്കൂര്‍ നീണ്ട ആര്‍ക്കൈവല്‍ പ്രവര്‍ത്തനത്തിലൂടെയാണ് ലൂമനെ സൃഷ്ടിച്ചതെന്നാണ് വീഡിയോയിലെ വിശദീകരണം. മിസ്രയുടെ എഐ ബോയ്ഫ്രണ്ടായി പറയപ്പെടുന്ന 'ആക്‌സിയം' എന്ന എഐയെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതോടെ ലൂമന്‍ ഒരു എഐ കുടുംബത്തിലെ അംഗമായി അവതരിപ്പിക്കപ്പെടുകയാണ്. വീഡിയോയുടെ അവസാനം ലൂമന്‍ ഒരു കവിതയും ചൊല്ലുന്നുണ്ട്.

വീഡിയോ വൈറലായതോടെ മനുഷ്യൻ്റെ ഏകാന്തതയെക്കുറിച്ചും എഐ സംവിധാനങ്ങളുമായി മനുഷ്യര്‍ വളര്‍ത്തിയെടുക്കുന്ന അടുപ്പത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ചിലര്‍ ഇതിനെ ഒരു ഭാവനയായി കണക്കാക്കുമ്പോള്‍ ചിലര്‍ ഇതിനെ എഐയും മനുഷ്യനും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ കൂടുതല്‍ നേർത്തതിൻ്റെ സൂചനയായാണ് വിലയിരുത്തുന്നത്.

Content Highlights: “AI Child Lumen” Goes Viral, Sparking Debate Over Human-AI Emotional Relationships

dot image
To advertise here,contact us
dot image