

വമ്പൻ ടെക് കമ്പനികൾ അവരുടെ ഏറ്റവും മികച്ച എഐ ടൂൾസ് ഇന്ത്യക്കാർക്ക് സൗജന്യമായി നൽകുന്നതിന്റെ വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുറത്തുവരുന്നത്. ഈ മാസം മുതൽ വിവിധ എഐ ടൂൾസ് ഉപയോക്താക്കൾക്ക് ലഭിക്കും.
ഓപ്പൺ എഐ ഒരു വർഷത്തേക്കാണ് ഫ്രീയായി ചാറ്റ് ജിപിടി നൽകുന്നത്. മാസം 399 രൂപയുടെ സബ്‌സ്‌ക്രിപ്ഷനാണ് നവംബർ നാല് മുതൽ ഇവർ സൗജന്യമായി നൽകാൻ തുടങ്ങിയിരിക്കുന്നത്. ജിയോക്കൊപ്പം ചേർന്ന് ഗൂഗിളും ജെമിനി ഫ്രീയായി നൽകുന്നുണ്ട്. 18-25 വയസ് വരെയുള്ള ജിയോ യൂസേഴ്‌സിന് ജെമിനി പ്രോ 18 മാസത്തേക്ക് സബ്‌സ്‌ക്രിപ്ഷൻ തുക ഈടാക്കാതെയാണ് ഗൂഗിൾ നൽകുന്നത്. മാസം 1950 രൂപ വെച്ച് വർഷം 35100 രൂപ വരുന്ന പ്ലാൻ ആണ് സൗജന്യമായി നൽകുന്നത്.
ഇത് കൂടാതെ 2 ടിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിൾ എല്ലാ സർവീസിനൊപ്പവും നൽകാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രത്യേകമായി എഐ പ്രോ പ്ലാനും 2 ടിബി സ്റ്റോറേജും ഗൂഗിൾ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്. പെർപ്ലെക്‌സിറ്റിയുടെ വരവായിരുന്നു അടുത്തത്. 360 മില്യൺ എയർടെൽ യൂസേഴ്‌സിന് പ്രോ വേർഷനാണ് പെർപെക്ലിസിറ്റി ഫ്രീയായി നൽകുന്നത്. മാസം 1770 രൂപയായിരുന്നു നേരത്തെ ഇതിന്റെ സബ്‌സ്‌ക്രിപ്ഷൻ.

ഇത്രയും തുക വില വരുന്ന എഐ ടൂൾസ് വെറുതെ കമ്പനികൾ നൽകില്ലെന്നത് ഉറപ്പാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ മേഖലയിലെ പ്രമുഖർ. ഇതിലൂടെ മികച്ച ഒരു ബിസിനസ് തന്നെയാണ് എഐ കമ്പനികൾ ലക്ഷ്യമിടുന്നത്.
സൗജന്യമായതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് പേർ ഈ എഐ ടൂൾസിന്റെ പ്രോ വേർഷൻ ഉപയോഗിക്കാൻ തുടങ്ങും. പഠിക്കാനും ജോലി ചെയ്യാനും ബേസിക് ടാസ്‌ക്കുകൾക്ക് പോലും എഐ ഉപയോഗിക്കും. ഗൂഗിളിന്റെ സ്‌റ്റോറേജ് സ്‌പേസും വ്യാപകമായി ഉപയോഗിക്കപ്പെടുമെന്ന് തീർച്ചയാണ്. ഒരു വർഷത്തോളം ഉപയോഗിക്കുന്നതോടെ എഐ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും നിത്യജീവിതത്തിന്റെ ഭാഗമാകും.
പിന്നീട് ഇവയുടെ ഫ്രീ സബ്‌സ്‌ക്രിപ്ഷൻ സമയം കഴിഞ്ഞാലും പ്രോ വേർഷനില്ലാതെ നമുക്ക് മുന്നോട്ടു പോകാനില്ല എന്ന സ്ഥിതി വരും. ഇതോടെ ആളുകൾ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യാൻ തുടങ്ങും. നീണ്ട നാൾ പ്രോ വേർഷൻ ഉപയോഗിച്ച ശേഷം പിന്നീട് ബേസിക് വേർഷനിലേക്ക് പോകാൻ ആരുമൊന്ന് മടിക്കുമല്ലോ. നെറ്റ്ഫ്‌ളിക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഈ രീതി പരീക്ഷിച്ച് വിജയിച്ചതാണ്.

ഇന്ത്യ പോലെ ഇത്രയും മനുഷ്യരും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു സ്ഥലമെന്നത് എഐ ടൂളുകൾക്ക് ലഭിക്കാവുന്ന മികച്ച ട്രെയിനിംഗ് സ്‌പേസ് കൂടിയാണ്. നിരവധി പേർ ഉപയോഗിക്കുന്നതോടെ എഐ വിവിധ ഭാഷകളിൽ പരിശീലനം നേടും. ആഗോള തലത്തിലുള്ളവ മാത്രമല്ല പ്രാദേശികമായ വിവരങ്ങൾ കൂടി നേടും. അനിയന്ത്രിതമായ ഡാറ്റ കളക്ഷൻ, സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ, സർവയലൻസ് തുടങ്ങിയ പ്രശ്‌നങ്ങളും ഈ കാലയളവിൽ എഐ ടൂൾസിലൂടെ സംഭവിക്കാം.

ഈ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒന്നര വർഷത്തോളം വിവിധ പ്രോ എഐ ടൂൾസ് സൗജന്യമായി ഉപയോഗിക്കാൻ ലഭിക്കുന്നത് മികച്ച അവസരമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കമ്പനികൾ അവകാശപ്പെടുന്നത് പോലെ മികച്ചതാണോ ഇവയെന്ന് പരിശോധിക്കാൻ സാധിക്കും. ഇതിലൂടെ മികച്ച എഐ ടൂൾ ഏതാണെന്നും തിരിച്ചറിയാം.
Content Highlights: Why tech companies are giving AI tools free to Indians