
ക്ലൗഡ് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സൈന്യത്തിന് നല്‍കിയിരുന്ന ചില സേവനങ്ങള്‍ യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് റദ്ദാക്കിയതായി കമ്പനിയുടെ വൈസ് ചെയര്‍മാനും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ നിരീക്ഷിക്കാനായി ഈ സേവനങ്ങൾ ദുരുപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ റദ്ദാക്കുന്നതെന്നാണ് വൈസ് ചെയര്‍മാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലി ഡിഫൻസ് ഫോഴ്സിലെ ഒരു വിഭാഗത്തിനുള്ള ഏതാനും സേവനങ്ങൾ റദ്ദാക്കിയതായാണ് ബ്രാഡ് സ്മിത്ത് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ദി ഗാര്‍ഡിയന്‍, +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നീ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.. ഈ അന്വേഷണത്തിന് മറുപടിയായിട്ടാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ചില സേവനങ്ങള്‍ കമ്പനി നിര്‍ത്തലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തത് എന്ന് ബ്രാഡ് സ്മിത്ത് പറയുന്നു.
യുദ്ധക്കെടുതി നേരിടുന്ന ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും നിരീക്ഷണത്തിലൂടെ ലഭിച്ച ഫോണ്‍ കോള്‍ ഡാറ്റ സംഭരിക്കാനായി ഇസ്രായേല്‍ സൈന്യത്തിന്റെ 'യൂണിറ്റ് 8200' മൈക്രോസോഫ്റ്റിന്റെ 'അസൂര്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം' ഉപയോഗിച്ചതായാണ് മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. 2021-ല്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും യൂണിറ്റ് 8200-ന്റെ മേധാവി യോസി സരിയേലും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കമ്പനിയുടെ അസൂര്‍ പ്ലാറ്റ്ഫോമിലേക്ക് വലിയ അളവിലുള്ള സെന്‍സിറ്റീവ് ഉപകരണങ്ങള്‍ നല്‍കാനായി സഹകരിക്കുന്ന ഒരു കരാറിലെത്തിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
2022 മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ദശലക്ഷക്കണക്കിന് പലസ്തീനികളുടെ ഫോൺ കോളുകൾ ശേഖരിക്കാനും, പ്ലേബാക്ക് ചെയ്യാനും, വിശകലനം ചെയ്യാനും അസ്യൂറിന്റെ പരിധിയില്ലാത്ത സംഭരണ ശേഷിയും കമ്പ്യൂട്ടിംഗ് ശക്തിയും യൂണിറ്റ് 8200-നെ സഹായിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അധിനിവേശ പലസ്തീന്‍ പ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്താനും ഓപ്പറേഷനുകൾക്ക് പദ്ധതി തയ്യാറാക്കാനും ക്ലൗഡ് അധിഷ്ഠിത സംവിധാനം ഇസ്രായേലിനെ സഹായിച്ചതായി യൂണിറ്റ് 8200 വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞിരുന്നു. പലസ്തീനികളെക്കുറിച്ചുള്ള വലിയൊരു ഭാഗം ഡാറ്റകൾ നെതര്‍ലാന്‍ഡ്സിലും അയര്‍ലന്‍ഡിലും സ്ഥിതി ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ 'അസൂര്‍' സര്‍വറുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമാക്രമണങ്ങളില്‍ ആരെയാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഇസ്രായേല്‍ സൈന്യം 'ജിഗാബൈറ്റ് ക്ലൗഡ് സ്റ്റോറേജും AI ഭാഷാ വിവര്‍ത്തന സേവനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും AI സംവിധാനങ്ങളുമായി ക്രോസ് ചെക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിന് ഉപയോഗിക്കാനായി നൂതന AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ മെയ് മാസത്തിൽ വിറ്റതായി മൈക്രോസോഫ്റ്റ് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ആളുകളെ ഉപദ്രവിക്കാന്‍ അസൂര്‍ ഉപയോഗിക്കുന്നതായി തെളിവുകളൊന്നും ഇല്ലെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നുണ്ട്.
Content Highlights :US tech giant Microsoft has canceled some services it provides to the Israeli military