
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ബീറ്റ പതിപ്പ് ആപ്പിൾ പുറത്തിറക്കി. നിലവിൽ ഐഫോണുകളിൽ ലഭ്യമാകുന്ന iOS 26ൻ്റെ അപ്ഡേറ്റഡ് വേർഷൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് iOS 26.1ൻ്റെ ആദ്യത്തെ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയത്. എന്തെല്ലാം മാറ്റങ്ങളാണ് ബീറ്റ പതിപ്പിൽ ഉണ്ടാവുകയെന്നതിൻ്റെ പൂർണ്ണവിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ബീറ്റ വേർഷൻ്റെ കാലയളവ് രണ്ടോ മൂന്നോ ആഴ്ചയായിരിക്കുമെന്നും ഇതിന് പിന്നാലെ ഒക്ടോബർ ആദ്യ വാരത്തോടെ iOS 26.1ൻ്റെ അന്തിമ പതിപ്പ് എത്തുമെന്നുമാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഐഒഎസ് 26.1ൻ്റെ ആപ്പിൾ ഇന്റലിജൻസിൽ പുതിയ നിരവധി ഭാഷകൾ ചേർത്തതായാണ് റിപ്പോർട്ട്. ഈ അപ്ഡേറ്റിൻ്റെ പ്രധാന സവിശേഷതയായും ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്. പരമ്പരാഗത ചൈനീസ് ഭാഷ വിയറ്റ്നാമീസ് ഭാഷ തുടങ്ങിയ ഏഷ്യൻ ഭാഷകളും ഡച്ച്, പോർച്ചുഗീസ്, സ്വീഡിഷ്, ഡാനിഷ്, നോർവീജിയൻ, ടർക്കിഷ് ഭാഷകളും ഇനി ആപ്പിൾ ഇൻ്റലിജൻസിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
തത്സമയമായി ലഭ്യമാകുന്ന ഭാഷാ വിവർത്തനത്തിൻ്റെ സാധ്യതകളെയും iOS 26.1-ൽ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലാളിത്യവത്കരിച്ച പരമ്പരാഗത ചൈനീസ് ഭാഷയിൽ തത്സമയ വിവർത്തനം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഏഷ്യൻ ഭാഷകളായ ജാപ്പനീസ്, കൊറിയൻ എന്നിവയും ലഭ്യമാകും. ആപ്പിൾ മ്യൂസിക്കിനും സവിശേഷമായ അപ്‌ഗ്രേഡാണ് iOS 26.1-ൽ ഒരുക്കിയിരിക്കുന്നതെന്നാണ് മാക്‌വേൾഡ് റിപ്പോർട്ട്. ട്രാക്കുകൾ ഒഴിവാക്കുന്നതിന് ഉപയോക്താക്കൾക്ക് ഇപ്പോൾ നൗ പ്ലേയിംഗ് സ്‌ക്രീനിലെ ആൽബം ആർട്ടിൽ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്താൽ മതിയെന്നാണ് റിപ്പോർട്ട്. യാത്ര ചെയ്യുമ്പോഴെല്ലാം ഉപയോക്താക്കൾക്ക് സംഗീതം ആസ്വദിക്കുന്നതിന് iOS 26.1-ൽ ലഭ്യമാകുന്ന ഈ അപ്ഗ്രേഡ് സഹായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
iOS 26.1ൻ്റെ മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത് വിഷ്വലുകളിൽ ഉണ്ടാകുന്ന മികവാണ്. സുഗമമായ ആനിമേഷനുകളും ക്ലീനർ ലേഔട്ടുകളും ഉൾപ്പെടെയുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്. ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഈ സിസ്റ്റത്തിലുടനീളം കൂടുതൽ സ്ഥിരതയോടെ ആപ്പിൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
iPhone ഉപയോക്താക്കൾക്ക് iOS 26.1 പബ്ലിക് ബീറ്റ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നും മാക്‌വേൾഡ് പറയുന്നുണ്ട്. iOS 26 ബീറ്റ റിലീസുകൾ പരീക്ഷിക്കാൻ ഒരു ഉപഭോക്താവ് പാലിക്കേണ്ട ഘട്ടങ്ങൾ ഇവയൊക്കെയാണെന്നാണ് മാക്‌വേൾഡ് നൽകുന്ന നിർദ്ദേശം.
ഡെവലപ്പർ ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉപയോക്താവ് ഒരു ആപ്പിൾ ഡെവലപ്പറായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ സൗജന്യ ഡെവലപ്പർ അക്കൗണ്ട് ഉള്ളവർക്കും ഇത് ഇൻസ്റ്റാൾ ചെയ്യാം . ഒരു ഉപയോക്താവിന് Xcode വഴിയോ iOS-ലെ ആപ്പിൾ ഡെവലപ്പർ ആപ്പ് വഴിയോ ഇത് ലഭിക്കും.ആപ്പിൾ ഡെവലപ്പർ ആപ്പ് വഴി ഡെവലപ്പർ ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും മാക്‌വേൾഡ് ൻൽകുന്നുണ്ട്.
Content Highlights: Apple releases iOS 26.1 beta