
എഐ ആപ്പുകളിൽ ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് അതിൽ സൗന്ദര്യമുള്ള ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാൻ എല്ലാവർക്കും ആവേശമാണ്. എന്നാൽ ജെമിനി എഐയിൽ അടക്കം അപകടകരമായ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് വാസ്തവം. ജെമിനിയുടെ ബനാന എഐ സാരി ട്രെൻഡ് സോഷ്യൽ മീഡിയയിലാകെ വൈറലാവുന്ന സാഹചര്യത്തിലാണ്, ഇതിനെതിരെ കരുതിയിക്കണം എന്ന സന്ദേശവുമായി ഒരു യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിനൊപ്പം പ്രോംപ്ട് നൽകിയാൽ സാരി ഉടുത്ത് നിൽക്കുന്ന വ്യത്യസ്ത മോഡലുകളിലുള്ള നമ്മുടെ ചിത്രങ്ങൾ ലഭിക്കും.
ഇവിടെ ഈ യുവതി ശരീരത്തിലെ മറുക് മറച്ചുവച്ചാണ് ചിത്രം ജെമിനിയിൽ അപ്ലോഡ് ചെയ്തത് എന്നാൽ സാരി ചിത്രം വന്നപ്പോൾ ശരീരത്തിലെ മറുക് കാണാമായിരുന്നു. മറച്ചുവച്ച മറുക് ജെമിനിക്ക് എങ്ങനെ മനസിലായെന്നാണ് യുവതി ചോദിക്കുന്നത്. ശരീരം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് ജെമിനിയിൽ യുവതി അപ്പ്‌ലോഡ് ചെയ്തത്. എന്നാൽ സാരി ഉടുത്ത് നിൽക്കുന്ന എഐ ചിത്രത്തിൽ കൈയിലുള്ള മറുക്, മറഞ്ഞിരുന്നിട്ടും പ്രത്യക്ഷപ്പെട്ടതാണ് യുവതിയെ ആശ്ചര്യപ്പെടുത്തിയത്.
അതേസമയം പല യുവാക്കളും ഉയർത്തിയ ഒരു പരാതി, അവർ തങ്ങളുടെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്തിട്ടും മുഖം പോലും കൃത്യമല്ലാ എന്നാണ്. ഇവിടെ യുവതിയുടെ വീഡിയോയ്ക്ക് താഴെയും ഒരു യുവാവ് ഇത്തരത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. എന്റെ മുഖം പോലും കൃത്യമായി മനസിലാക്കാത്ത ഈ ജെമിനി പെൺകുട്ടികളുടെ മറുക് പോലും ശരിയായി ചിത്രത്തിലാക്കുന്നു എന്നായിരുന്നു കമന്റ്.
ജെമിനി ഒരു ഗൂഗിൾ പ്രോഡക്ടാണെന്ന് നമുക്ക്‌റിയാം, ഗൂഗിൾ ഫോട്ടോസിലടക്കം നമ്മുടെ ചിത്രങ്ങളുള്ളതിനാൽ അതുകൂടി അനലൈസ് ചെയ്തായിരിക്കാം ജെമിനി ചിത്രങ്ങൾ സൃഷ്ടിക്കുകയെന്നാണ് ചിലർ പറയുന്നത്. ഇതായിരിക്കാം കൈയിലെ മറുക് ചിത്രത്തിൽ വന്നതെന്നും ചിലർ അനുമാനിക്കുന്നുണ്ട്. പക്ഷേ അനുവാദമില്ലാതെ ഇതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ചോദ്യമുയർത്തുന്ന കാര്യം.
ഏതൊരു വ്യക്തിയുടെയും ഡിജിറ്റൽ ഫൂട്ട്പ്രിന്റിൽ നിന്നാണ് എഐ ചിത്രത്തിനുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എഐ ടൂളുകൾ വിശകലനം ചെയ്ത് അതും എഐ ചിത്രങ്ങൾ സൃഷ്ടിക്കാനായി ഉപയോഗിക്കും. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലേയോ ഗൂഗിൾ അക്കൗണ്ടിലെ ചിത്രമോ ജെമിനി ഉപയോഗിച്ചിരിക്കാം.
Content Highlights: Concerns arise against Gemini AI saree trend