യുപിഐ വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വിവിധ വിഭാഗങ്ങളിലാണ് ഈ പരിധി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തിഗത ഇടപാടുകളില്‍ മാറ്റം വന്നിട്ടില്ല. നികുതി പേയ്മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയത്.
സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പേയ്മെന്റുകള്‍ക്കും ഒരിടപാടിന് രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തി. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറാന്‍ അനുവദിക്കും.
നിലവില്‍ വന്ന മാറ്റങ്ങള്‍ ഇവയൊക്കെയാണ്
- സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലസ് ഇടപാടുക(മുന്‍കൂര്‍ പണ നിക്ഷേപം, നികുതി പേയ്മെന്റ്)ളുടെ പരിധിയും ഉയര്‍ത്തി. ഓരോ ഇടപാടിനും ഒരു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.
- ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ഇത്തരത്തില്‍ ഒരു ദിവസം മൊത്തത്തില്‍ ചെയ്യാവുന്ന ഇടപാട് പരിധി പത്തുലക്ഷമാണ്.
- ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. പ്രതിദിന പരിധി 6 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
- വായ്പ, ഇഎംഐ കളക്ഷനുകള്‍ക്ക്, പരിധി ഇപ്പോള്‍ ഓരോ ഇടപാടിനും 5 ലക്ഷവും പ്രതിദിനം 10 ലക്ഷവുമാണ്.
- സ്വര്‍ണം വാങ്ങിക്കാന്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും വര്‍ധന വരുത്തിയിട്ടുണ്ട്.
- ടേം ഡെപ്പോസിറ്റ് പരിധി രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാല്‍ ഒരു ദിവസം മൊത്തത്തില്‍ കൈമാറാന്‍ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്.
- ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ രണ്ടു ലക്ഷം രൂപയാണ് പരിധി.