
വാട്‌സ്ആപ്പ് മുഖാന്തിരം തട്ടിപ്പുകള്‍ ഒന്നിന്ന പിറകെ ഒന്നായിട്ട് നടക്കുന്ന കാലമാണ്. ഇത്തരത്തിലൊരു തട്ടിപ്പിനെതിരെ കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുകയാണ്. ട്രാഫിക് വയലേഷന് നോട്ടിസ്എന്ന പേരില്‍ പലരുടെയും വാട്‌സ്ആപ്പ് നമ്പറിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും എംപരിവാഹന്‍ എന്ന ഒരു എപികെ ഫയലും വരുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ട്രാഫിക് പോലീസിന്റെ ഈ മുന്നറിയിപ്പ്. സന്ദേശം ലഭിക്കുന്നവര്‍ അത് ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള വിവരങ്ങള്‍ , ബാങ്ക് ഡീറ്റെയില്‍സ്. പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
'ട്രാഫിക് വയലേഷന്‍ നോട്ടിസ് എന്ന പേരില്‍ പലരുടെയും വാട്‌സ്ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.
ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ ,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്. മോട്ടോര്‍ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്‌സ് ആപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല.
അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ- ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക'.
Content Highlights :These are the times when frauds are happening one after another through WhatsApp. The Kerala Motor Vehicles Department is warning against such a fraud