
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈനീസ് ബ്രാൻഡായ വിവോ. ടെലികോം കമ്പനിയായ കനാലിസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2025ന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിവോ (Vivo) നേടിയത് 21% വിപണി വിഹിതമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31% വാർഷിക വളർച്ചയാണ് വിവോ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ വിപണയിൽ സാംസങ്ങിനെപ്പോലുള്ള പ്രധാന എതിരാളികളെ പിന്നിലാക്കാൻ വിവോയ്ക്ക് സാധിച്ചു. സാംസങ്ങിന് 16% വിപണി വിഹിതവും 2% വളർച്ചയും മാത്രമാണ് ഉണ്ടായിരുന്നത്. 2025ന്റെ ആദ്യ പാദത്തിൽ സ്മാർട്ട്ഫോണുകൾ കാര്യമായി വിറ്റുപോയിരുന്നില്ല. എന്നാൽ രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഉണർവാണ് രേഖപ്പെടുത്തിയത്. 2025 രണ്ടാം പാദത്തിൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7% വർധിച്ച് 3.9 കോടി യൂണിറ്റായി ഉയർന്നു.
രണ്ടാം പാദത്തിൽ സ്മാർട്ട്ഫോൺ വിപണിയിലുണ്ടായ വളർച്ചയുടെ പ്രധാന കാരണം ഇടത്തരം വിലയുള്ളതും കുറവ് വിലയുള്ളതുമായ പുതിയ ഫോണുകളുടെ കടന്നുവരവാണെന്ന് കനാലിസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ വിവോ X200 FE 5G മൊബൈലിന് നിരൂപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച്, ഈ വിലനിലവാരത്തിൽ X200 സീരിസിന്റെ കാമറയ്ക്ക് വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്.
Content Highlights: Vivo takes No.1 spot in India’s smartphone market