
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) മനുഷ്യനില്ലാത്ത സാഹചര്യത്തിൽ തനിച്ച് വിട്ടാൽ, മനുഷ്യ സമൂഹം പോലെ മറ്റൊരു സമൂഹം സൃഷ്ടിക്കാനും ആശയവിനിമയം നടത്താനുമുള്ള സാധ്യതയുണ്ടെന്ന് പഠനം. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെന്റ് ജോർജ് സിറ്റി, ഐടി യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹാഗൻ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ലാർജ് ലാംഗ്വേജ് ടൂൾ ഉപയോഗിച്ച് എഐയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയുമെന്ന് കണ്ടെത്തിയത്.
''ഇതുവരെയുള്ള പഠനങ്ങളിൽ എഐയ്ക്ക് മനുഷ്യനുമായിമ ആശയവിനിമയം നടത്താമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അവയുടെ ലോകത്ത് അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്തേണ്ടി വരുമെന്നാണ് പുതിയ പഠനങ്ങളിൽ നിന്ന് മനസിലാകുന്നത്.'' എന്നാണ് പഠനത്തെ കുറിച്ച് സിറ്റി സെന്റ് ജോർജിലെ ഗവേഷക വിദ്യാർഥിയായ ഏരിയൽ ഫ്ളിന്റ് ആഷെറി പറഞ്ഞത്.
''മനുഷ്യൻ സമൂഹം സൃഷ്ടിച്ചത് പോലെ വിവിധ നിയമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എഐയ്ക്ക് സമൂഹം സൃഷ്ടിക്കാൻ കഴിയുമോ എന്നായിരുന്നു ഞങ്ങൾക്ക് അറിയേണ്ടത്. അതിന് കഴിയും എന്ന ഉത്തരമാണ് ലഭിച്ചത്. അവർ ഗ്രൂപ്പായി ചെയ്യുന്ന കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന പ്രവർത്തനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്.'' എന്നും ആഷെറി കൂട്ടിച്ചേർത്തു.
പരീക്ഷണത്തിനായി ഗവേഷകർ എഐയ്ക്ക് ഒരു നെയിമിങ് ഗെയിം പരിചയപ്പെടുത്തി. ആദ്യത്തെ കുറച്ച് സമയത്തിന് ശേഷം പിന്നീട് അവ സ്വയം നിയമങ്ങൾ സൃഷ്ടിക്കുകയും ഗെയിം മുന്നോട്ട് കെണ്ടുപോവുകയും ചെയ്തു. ഗെയിമിങിന്റെ ആദ്യഘട്ടത്തിന് ശേഷം എഐ മനുഷ്യരെ പോലെ പ്രവർത്തിച്ചു. ഒരു ചെറിയ കൂട്ടം മനുഷ്യർക്ക് വലിയ കൂട്ടത്തിലുള്ള ആളുകളെ നിയന്ത്രിക്കാൻ കഴിയുന്നത് പോലെ, എഐയുടെ ചെറിയ ഗ്രൂപ്പിനും വലിയ ഗ്രൂപ്പിനെ പാകപ്പെടുത്താൻ കഴിയുമെന്ന് പഠനത്തിലൂടെ കണ്ടെത്തി.
ഇന്റർനെറ്റും അതിന്റെ സാങ്കേതികതയും എഐയുടെ പുതിയ ഫീച്ചറുകൾ കൊണ്ട് നിറയാനും പരസ്പരം സമൂഹമുണ്ടാക്കാനും സംസാരിക്കാനും തുടങ്ങുന്ന കാലഘട്ടത്തെ മുൻകൂട്ടി കാണുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. എഐ ഗ്രൂപ്പുകളും മനുഷ്യ സമൂഹവും തമ്മിലുള്ള സമാനതകളും, വ്യത്യസ്തതകളും എന്തൊക്കെയാണെന്ന് മനസിലാക്കാൻ പഠനത്തിലൂടെ സാധിച്ചതായും ഗവേഷകർ വ്യക്തമാക്കി.
Content Highlights: AI can build another society even without humans New study