

ആപ്പിൾ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 16 ഇറങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. വില്പന ആരംഭിച്ചതുമുതൽക്കെ മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽനിന്നും ഐഫോൺ 16 സീരീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഐഫോൺ 17 ഉടനെ എത്തിയേക്കുമെന്ന വാർത്തകളും പുറത്തുവന്നു. ഇങ്ങനെ ആപ്പിൾ എന്ന ബ്രാൻഡ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ്, ടെക് ലോകത്തെ ആകാംക്ഷയിലാക്കുന്ന മറ്റ് ചില വിവരങ്ങളും പുറത്തുവരുന്നത്.
ആപ്പിൾ അവരുടെ വിവിധ പ്രൊഡക്ടുകളുടെ ലോഞ്ച് ഇവന്റുകൾ ഈ മാസം നടത്താനിരിക്കുകയാണ്. ഈ ഇവന്റിൽ ആപ്പിൾ തങ്ങളുടെ പുതിയ പ്രൊഡക്ടുകളായ M4 ചിപ്പ് ഉള്ള മാക്‌ബുക്ക് പ്രൊ, ഐപാഡ് പ്രൊ എന്നിവ പുറത്തുവിടുമെന്നായിരുന്നു വിവരം. എന്നാൽ അതിന് മുന്നെത്തന്നെ ഈ പ്രൊഡക്ടുകൾ ലീക്കായി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രചാരണം.
രണ്ട് റഷ്യൻ യൂട്യൂബർമാരാണ് ആപ്പിൾ ഇതുവരെ പുറത്തിറക്കാത്ത 14 ഇഞ്ചിന്റെ M4 ചിപ്പ് മാക്ബുക്ക് പ്രൊ ലഭിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാളുടെ കയ്യിൽ മാക്‌ബുക്ക് പ്രൊ എന്ന് അവകാശപ്പെടുന്ന ലാപ്ടോപ്പും ഉണ്ട്. മാത്രമല്ല, അവയുടെ ഓരോ മൂക്കും മൂലയും എടുത്തുകാട്ടിയാണ് വീഡിയോ പോലും ചെയ്തിരിക്കുന്നത്. വീഡിയോകളുടെ ആധികാരികത വ്യക്തമല്ലെങ്കിലും ഈ വിവരണം കേൾക്കുമ്പോൾ മാക്‌ബുക്ക് പ്രൊ ലീക്ക് ആയി എന്നുതന്നെയാണ് ടെക്ക് ലോകം സംശയിക്കുന്നത്.
ആപ്പിൾ കമ്പനിയെപ്പറ്റിയുള്ള വാർത്തകൾ സ്ഥിരം പങ്കുവെക്കുന്ന മാർക്ക് ഗുർമാൻ എന്ന മാധ്യമപ്രവർത്തകന്റെ പക്കലും ഈ വീഡിയോകൾ എത്തി. അദ്ദേഹം പോലും വീഡിയോ വിവരങ്ങൾ കേട്ട് സത്യമാണെന്ന് കരുതി അവ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ എക്‌സിൽ ചില വിരുതന്മാർ ഇതിനിടയ്ക്ക് പുതിയ മാക്‌ബുക്ക് ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും പറഞ്ഞുപരത്തി.
ലോഞ്ചിന് മുൻപേ ആപ്പിൾ പ്രൊഡക്ടുകൾ ലീക്ക് ആകുക എന്നത് തികച്ചും അസാധാരണമായ ഒരു സംഭവമാണ്. മുൻപ് 2010ൽ ഐഫോൺ 4 മോഡൽ ലീക്ക് ആയതാണ് പ്രധാനപ്പെട്ട ഒരു സംഭവം. കാലിഫോർണിയയിലെ ഒരു ബാറിൽ ഒരു ആപ്പിൾ ജീവനക്കാരൻ ഐഫോൺ 4 മോഡൽ മറന്നുവെക്കുകയും, ആപ്പിൾ തന്നെ ഞെട്ടിയ ഒരു ലീക്കിന് കാരണമാകുകയും ചെയ്തു. ഇപ്പോഴാകട്ടെ, 200ഓളം മാക്ക്ബുക്ക് പ്രൊ മോഡലുകൾ വെയർഹൗസിൽ നിന്ന് ലീക്ക് ആയതായാണ് വിവരം. ആപ്പിൾ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റും ഒരു ചോർച്ചയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ട്.