

കാംറിയുടെ പുതുതലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ച് ടൊയോട്ട. സിമന്റ് ഗ്രേ, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ, ഇമോഷണല്‍ റെഡ്, പ്ലാറ്റിനം വൈറ്റ് പേള്‍, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് കാംറിയുടെ ഒമ്പതാം തലമുറ മോഡല്‍ എത്തുന്നത്. 48 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഒരു ഹൈബ്രിഡ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് നിരത്തില്‍ എത്തുന്നത്. 230 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. ഇ-സിവിടി ഗിയര്‍ ബോക്സ് വഴിയാണ് 230 ബിഎച്ച്പി കരുത്ത് വീലുകളില്‍ എത്തുന്നത്. സ്പോര്‍ട്ട്, ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ ഉണ്ട്.
ഒന്‍പതാം തലമുറ ടൊയോട്ട കാംറിക്ക് പുതിയ 18-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, വ്യത്യസ്തമായ ടെയില്‍ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ കൊണ്ട് വേറിട്ട് നിര്‍ത്തുന്നു. സി-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും ഈ വാഹനത്തിന് വ്യത്യസ്തത നല്‍കും. കനംകുറഞ്ഞ ഗ്രില്‍, വിശാലമായ എയര്‍ ഡാം, മുന്‍ ബമ്പറിന്റെ ഇരുവശത്തും എയര്‍ വെന്റുകള്‍ എന്നിവയുള്ള ഒരു പുതിയ മുഖവുമായാണ് വാഹനം നിരത്തില്‍ ഇറങ്ങുക.
ഇന്റീരിയറില്‍ 360-ഡിഗ്രി കാമറ, പുതിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ADAS സ്യൂട്ട്, ഒരു പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇപിബി, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, എച്ച് യു ഡി, വയര്‍ലെസ് ചാര്‍ജര്‍, 10-വേ പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, റിക്ലൈന്‍ ഫംഗ്ഷനുള്ള പിന്‍ സീറ്റുകള്‍ എന്നിവയും പ്രത്യേകതകളാണ്. സിംഗിള്‍, ഫുള്ളി ലോഡഡ് വേരിയന്റില്‍ പ്രീമിയം സെഡാന്‍ ലഭ്യമാണ്.
Content Highlights: toyota camry launched in india