

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ് ഭരത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ലക്ഷ്യമിടുന്നു. യുഎഇ ദേശീയ ടീമിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. 2023-നും 2024-നും ഇടയില്‍ ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഭരത്, ലോകമെമ്പാടുമുള്ള ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ യോഗ്യത നേടുന്നതിനായി ഈ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'സ്വന്തം രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ അനുഭൂതി. അതിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എപ്പോഴും കളിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്' -അബുദാബി ടി10 ലീഗില്‍ എമിറേറ്റ്‌സ് ഈഗിള്‍സിനായി കളിക്കുന്ന ഭരത് മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ ഉള്ളില്‍ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് ദിനങ്ങള്‍ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി. ആ ഒരു കാരണം കൊണ്ടാണ് (ജൂണിലെ വിരമിക്കല്‍ എന്ന) കടുത്ത തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ടീമിലൂടെ മികച്ച ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാണ് അദ്ദേഹം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 'തീര്‍ച്ചയായും അത് തന്നെയാണ് എന്റെ പ്ലാന്‍. എനിക്ക് ഇനിയും കൂളിംഗ് ഓഫ് പീരിയഡ് പൂര്‍ത്തിയാക്കാനുണ്ട്. ഫെബ്രുവരിയില്‍ അത് അവസാനിക്കും, അതിനുശേഷമേ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ' -ഭരത് വ്യക്തമാക്കി.
33-കാരനായ താരം നിലവില്‍ ദുബായിലാണ് താമസിക്കുന്നത്. താന്‍ പതിവായി പരിശീലനം നടത്തുന്ന ഐസിസി അക്കാദമിയിലെ സൗകര്യങ്ങളില്‍ അദ്ദേഹം ഏറെ സംതൃപ്തനാണ്. 'യുഎഇ ക്രിക്കറ്റ് എന്നെ സ്വീകരിക്കുകയും അവരുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്. ഇവിടുത്തെ ആഭ്യന്തര ഘടനയില്‍ കളിക്കുന്ന കളിക്കാരുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. കാരണം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്ഥാന്‍, കൂടാതെ കുറച്ച് ഇന്ത്യക്കാര്‍ എന്നിങ്ങനെ എല്ലാത്തരം ക്രിക്കറ്റര്‍മാരെയും ലഭിക്കുന്ന ഇടമാണ് യുഎഇ. എന്റെ ഈ രണ്ടാം ഇന്നിങ്‌സ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്' -അദ്ദേഹം കുറിച്ചു.
അബുദാബി ടി10 ലീഗ് തനിക്ക് ക്രിക്കറ്റുമായി ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഭരത് അഭിപ്രായപ്പെട്ടു. 'ചെറിയ രീതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ചെറുപ്പത്തില്‍ ടെന്നീസ് ബോള്‍ കൊണ്ട് കളിച്ചിരുന്ന കാലം ഓര്‍മ്മ വരുന്നു. കാര്യം മനസ്സിലാക്കി വരുമ്പോഴേക്കും രണ്ട് പന്തുകള്‍ കൊണ്ട് കളി മാറിമറിയും, അല്ലെങ്കില്‍ രണ്ട് ഡോട്ട് ബോളുകള്‍ കളി നിങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരും. ഇത് അത്ര എളുപ്പമുള്ള ഫോര്‍മാറ്റല്ല, എങ്കിലും ഞാന്‍ ഇത് ആസ്വദിക്കുന്നുണ്ട്' -അദ്ദേഹം പറഞ്ഞു.
എന്നാല്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍ നയിച്ച അറേബ്യന്‍ ഏസസിനെതിരായ മത്സരത്തില്‍ എമിറേറ്റ്‌സ് ഈഗിള്‍സ് 10 വിക്കറ്റിന് തോറ്റതിനാല്‍ ഭരതിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. എങ്കിലും ഇതൊരു പഠനാനുഭവമാക്കി മാറ്റി വരും മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
content highlights: KS Bharat Eyes International Comeback via UAE Cricket Team