Top

'ഷാരൂഖ് ഖാന് അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീഷൂട്ട് ചെയ്യാൻ തയ്യാർ'; 'മിസ് മാർവൽ' അണിയറപ്രവർത്തകർ

ജൂൺ എട്ട് മുതലാണ് മിസ് മാർവൽ സംപ്രേക്ഷണം ആരംഭിക്കുന്നത്.

2 Jun 2022 2:56 PM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാന് അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീഷൂട്ട് ചെയ്യാൻ തയ്യാർ; മിസ് മാർവൽ അണിയറപ്രവർത്തകർ
X

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പുതിയ സീരീസ് 'മിസ് മാർവൽ' റിലീസിന് ഒരുങ്ങുകയാണ്. മിസ് മാർവൽ എന്ന കഥാപാത്രം ഒരു വലിയ ഷാരൂഖ് ഖാൻ ആരാധികയാണ് എന്നാണ് ഫാൻ തിയറികൾ അവകാശപ്പെടുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെക്കുറിച്ച് പറയുകയാണ് മിസ് മാർവലിന്റെ തിരക്കഥാകൃത്ത് സന അമാനത്തും സംവിധായകരായ ബിലാൽ ഫലാഹും ആദിൽ എൽ അർബിയും.

ന്യൂജേഴ്‌സിയിൽ വളർന്ന ഒരു പാകിസ്ഥാനി എന്ന നിലയിൽ ബോളിവുഡ് താരങ്ങളെ താൻ ഏറെ ആരാധിച്ചിരുന്നു. അത് കമലയുടെ ലോകത്തിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു എന്ന് സന അമാനത്ത് പറയുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മിസ് മാർവൽ ടീമിന്റെ പ്രതികരണം.

മിസ് മാർവൽ സീരീസിൽ ഷാരൂഖ് ഖാന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ', 'ബാസിഗർ' തുടങ്ങിയ സിനിമകളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഇതിന് പിന്നാലെ ആരാധകർ താരത്തിന്റെ അതിഥി വേഷമുണ്ടാകുമോ എന്ന് ചോദ്യമുണ്ട്. ഷാരൂഖ് ഖാന് ഷോയുടെ ഭാഗമാകാൻ താൽപര്യമുണ്ടെങ്കിൽ റീഷൂട്ട് ചെയ്യാൻ തയ്യാറാണ് എന്നും അണിയറപ്രവർത്തകർ പറയുന്നു.

ജൂൺ എട്ട് മുതലാണ് മിസ് മാർവൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാർവലിന്റെ ഒറിജിനൽ സീരീസ് ഒരുങ്ങുന്നത്. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് കഥ.

സീരീസിൽ ഫർഹാൻ അക്തർ അതിഥി താരമായെത്തും. ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ. ആറ് എപ്പിസോഡുകളായാണ് മിസ് മാർവൽ എത്തുന്നത്.

story highlights: team talks about the importance of shahrukh khan in miss marvel series

Next Story