ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി; ഒമ്പത് പേര്‍ കുറ്റക്കാര്‍

പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്

dot image

കൊൽക്കത്ത: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസില്‍ ഒമ്പത് പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. റിട്ടയര്‍ ചെയ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.ഡിജിറ്റല്‍ അറസ്റ്റ് കേസിലെ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാണയില്‍ നിന്ന് മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പിലൂടെ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി മുതിര്‍ന്ന പൗരന്‍ 2024-ല്‍ നല്‍കിയ പരാതിയില്‍നിന്നാണ് സൈബര്‍ തട്ടിപ്പ് അന്വേഷണം ആരംഭിച്ചത്. ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിലൂടെ മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ഒരു സ്ത്രീയടക്കം 13 പേരെ പിടികൂടിയിരുന്നു.പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. കസ്റ്റഡിയിലുള്ള പ്രതികളുടെ വിചാരണ ഫെബ്രുവരി 24 ന് ആരംഭിച്ചു.

പണം പുറത്തേക്ക് പോയതിനാല്‍ ഇത് കടുത്ത സാമ്പത്തിക കുറ്റകൃത്യമാണെന്ന് എസ്പി സിദ്ധാര്‍ത്ഥ് ധപോല പറഞ്ഞു.ഭാരതീയ ന്യായ സംഹിതയുടെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Content Highlights: India's first court verdict in digital arrest fraud case; nine people found guilty

dot image
To advertise here,contact us
dot image