Top

വാട്‌സ് ആപ്പിലൂടെ പണം തട്ടി സംഘം; തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ പേര് പറഞ്ഞ്

ബാങ്ക് ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം ആളുകള്‍ക്ക് സന്ദേശം അയയ്ക്കുന്നത്.

16 May 2022 6:15 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാട്‌സ് ആപ്പിലൂടെ പണം തട്ടി സംഘം; തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ പേര് പറഞ്ഞ്
X

അജ്മാന്‍: യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് സംഘം. ബാങ്ക് ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം ആളുകള്‍ക്ക് സന്ദേശം അയയ്ക്കുന്നത്. സുരക്ഷാകാരണങ്ങളാല്‍ ബാങ്കുമായി ബന്ധപ്പെട്ട എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്കാര്‍ഡ് എന്നിവ മരവിപ്പിക്കാന്‍ സാധ്യതയുണ്ട്. എല്ലാ വിശദാംശങ്ങളും പരിശോധിക്കണം. അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് സ്ഥിരമായി തടയുമെന്ന് വാട്‌സ് ആപ്പ് സന്ദേശം അയയ്ക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഇതൊഴിവാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന നിര്‍ദേശത്തിലാണ് സന്ദേശം അവസാനിക്കുന്നത്.

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചറാക്കിയ വാട്‌സ് ആപ്പ് നമ്പറില്‍ നിന്നാണ് സന്ദേശം അയക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ ലെറ്റര്‍പാഡിലാണ് മെസേജ് അയക്കുന്നത് സാധാരണക്കാരില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു.

ബാങ്ക് മാനേജറുടെ പേരും ഒപ്പും ഈ സന്ദേശത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് തെറ്റായ സന്ദേശമാണെന്ന് മനസിലാവാതെ തിരിച്ച് ബന്ധപ്പെട്ടവരോട് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടലാണ് സംഘത്തിന്റെ പതിവ്.

ഇത് തട്ടിപ്പ് സംഘമാണെന്നും ആര്‍ക്കും സ്വകാര്യവിവരങ്ങള്‍ നല്‍കരുതെന്നും ബാങ്ക് അധിക്യതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story highlights: Gang swindles money through WhatsApp; The fraud was committed in the name of the bank

Next Story