നേത്രാവതി കൊടുമുടി ട്രെക്കിങ് ഇനി അത്ര എളുപ്പമല്ല; കര്‍ശന ഉപാധിയുമായി കര്‍ണാടക സര്‍ക്കാര്‍

ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു
നേത്രാവതി കൊടുമുടി ട്രെക്കിങ്  ഇനി അത്ര എളുപ്പമല്ല; കര്‍ശന ഉപാധിയുമായി കര്‍ണാടക സര്‍ക്കാര്‍

നേത്രാവതിയിലേക്കും കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങ്ങുകള്‍ ഇനി അത്ര എളുപ്പമാവില്ല. കര്‍ണാടകയിലെക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി www.kudremukhanationalpar-k.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത്. ജൂണ്‍ 25 മുതല്‍ ഒരു മാസത്തേക്കുള്ള ബുക്കിങ് നേരത്തെ ചെയ്യാവുന്നതാണ്.ശാസ്ത്രീയമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് കൊടുമുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണം കര്‍ണാടക വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ കുദ്രേമുഖ് വനമേഖലയിലെ നേത്രാവതി കൊടുമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല.സാമൂഹ മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമാണ് സഞ്ചാരികൾ ഇവിടം കീഴടക്കാൻ എത്തുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകൾക്കിടയിലെ അതിർത്തിയിലാണ് നേത്രാവതി കൊടുമുടി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് നേത്രാവതി കൊടുമുടിയുടെ സ്ഥാനം.

സമുദ്രനിരപ്പില്‍ നിന്ന് 4,987 അടി ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. കുതിരയുടെ മുഖത്തിനോട് സാമ്യം തോന്നുന്നത് കൊണ്ടാണ് കുദ്രേമുഖ് എന്ന പേര് വന്നത്. നേത്രാവതി കൊടുമുടിയുടെ മുകളിൽ നിന്ന് നോക്കുമ്പോൾ ചിക്കമഗളൂരുവിലെ കാപ്പി തോട്ടങ്ങളും മലയാളികളുടെ റബർ തോട്ടങ്ങളുമൊക്കെ കാണാം. ചുറ്റിലും പച്ചപ്പ് നിറഞ്ഞ പർവത നിരകളും മേഘക്കെട്ടുകളും കാണാം.12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ് താരതമ്യേന ആയാസരഹിതമാണ്.

4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂര്‍ വരെ സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കാനാവുക. മംഗളൂരുവില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയായാണ് നേത്രാവതി പീക്ക് സ്ഥിതി ചെയ്യുന്നത്. ചിക്കമഗളൂരു ജില്ലയിലെ സംസെ എന്ന ഗ്രാമമാണ് നേത്രാവതി ട്രെക്കിന്റെ ബേസ് ക്യാമ്പ്. സംസെയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ട്രെക്കിങ് സ്‌പോട്ട്. നേത്രാവതിയിലേക്ക് കയറാന്‍ ഗൈഡ് നിര്‍ബന്ധമാണ്. വൈകിട്ട് 5 മണിക്ക് മുന്‍പായി ട്രെക്കിങ് പൂര്‍ത്തീകരിച്ച് ബേസ് ക്യാമ്പില്‍ തിരിച്ചെത്തണം.

സംസ്ഥാനത്തെ അതിലോല പരിസ്ഥിതി മേഖലകളില്‍ വിനോദസഞ്ചാരം നിയന്ത്രിക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രശസ്ത ട്രെക്കിങ് സ്‌പോട്ടായ കുമാരപര്‍വതം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. തമിഴ്‌നാടിന് സമാനമായി കൂര്‍ഗ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഇ-പാസ് ഏര്‍പ്പെടുത്തുന്ന കാര്യവും കര്‍ണാടക പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com