വെറും 999 രൂപയ്ക്ക് തുടങ്ങിയ മോഹം, ഒടുവിൽ 50 ലക്ഷത്തിന്റെ കടബാധ്യത, അറിയണം 50-30-20 റൂൾ

കൈയ്യിൽ പണമില്ലെങ്കിലും കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം എന്ന സൗകര്യം അനാവശ്യ ചിലവുകൾക്ക് പ്രേരിപ്പിക്കുന്നു

വെറും 999 രൂപയ്ക്ക് തുടങ്ങിയ മോഹം, ഒടുവിൽ 50 ലക്ഷത്തിന്റെ കടബാധ്യത, അറിയണം 50-30-20 റൂൾ
സുമ സണ്ണി
1 min read|19 Mar 2026, 04:36 pm
dot image

ഇന്നത്തെ കാലത്ത് ജോലി കിട്ടിത്തുടങ്ങുന്ന യുവാക്കൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രധാന സാമ്പത്തിക കെണിയാണ് ചെറിയ ഇഎംഐ വഴി വലിയ കടബാധ്യത ഉണ്ടാക്കുന്നത്. 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ കടത്തിലായ യുവാക്കളുടെ എണ്ണം കൂടുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നിശബ്ദമായി തുടങ്ങുന്ന കെണി

ഇതൊരു നിശബ്ദമായ പ്രക്രിയയാണ്. വലിയൊരു തുക ഒറ്റയടിക്ക് കടം വാങ്ങുന്നതിന് പകരം, വളരെ ചെറിയ തുകകളായിട്ടാണ് ഇത് ആരംഭിക്കുന്നത്. "പ്രതിമാസം വെറും 999 രൂപയ്ക്ക് ഐഫോൺ", "ഇപ്പോൾ വാങ്ങൂ പിന്നീട് പണമടയ്ക്കൂ'' തുടങ്ങിയ പരസ്യങ്ങൾ യുവാക്കളെ പെട്ടെന്ന് ആകർഷിക്കുന്നു.

debt

അത്യാവശ്യത്തിനല്ലെങ്കിലും സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകൾക്കും, വിലകൂടിയ ഗാഡ്‌ജെറ്റുകൾക്കും വേണ്ടി ചെറിയ ഇഎംഐകൾ തിരഞ്ഞെടുക്കുന്നു. കൈയ്യിൽ പണമില്ലെങ്കിലും കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം എന്ന സൗകര്യം അനാവശ്യ ചിലവുകൾക്ക് പ്രേരിപ്പിക്കുന്നു.

ചെറിയ ഇഎംഐകൾ വലിയ ബാധ്യതകൾ

പലരും ചിന്തിക്കുന്നത് "മാസം 2000 രൂപയല്ലേ ഉള്ളൂ, അത് അടച്ചുതീർക്കാം" എന്നാണ്. എന്നാൽ സംഭവിക്കുന്നത് ഇതാണ്.ഇഎംഐകളുടെ എണ്ണം കൂടുന്നത് അത്ര ശ്രദ്ധിക്കാറില്ല. ഫോണിന് ഒരു ഇഎംഐ, ലാപ്‌ടോപ്പിന് മറ്റൊന്ന്, യാത്രയ്ക്ക് വേറൊന്ന് എന്നിങ്ങനെ പത്തോ പന്ത്രണ്ടോ ചെറിയ ഇഎംഐകൾ ചേരുമ്പോൾ മാസശമ്പളത്തിന്റെ വലിയൊരു ഭാഗം ഇതിനായി പോകും.പലപ്പോഴും ഇത്തരം ചെറിയ ലോണുകൾക്ക് വലിയ പലിശയായിരിക്കും ഈടാക്കുന്നത്. കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കൂട്ട് പലിശ വഴി തുക ഇരട്ടിയാകും.

emi

ഒരു ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വരുമ്പോൾ മറ്റൊരു പേഴ്സണൽ ലോൺ എടുക്കുന്നു. ഇത് കടത്തിന്റെ ഒരു വലിയ കൂടായി മാറുന്നു. അങ്ങനെയാണ് 10 ലക്ഷവും 50 ലക്ഷവും ഒക്കെ കടമായി വരുന്നത്.

മാനസിക സമ്മർദ്ദം

ശമ്പളം കിട്ടുന്ന അന്ന് തന്നെ അത് ബാങ്കുകൾ കൊണ്ടുപോകുമ്പോൾ യുവാക്കൾ വലിയ മാനസിക വിഷമത്തിലേക്ക് നീങ്ങുന്നു.

വൻതോതിൽ കടം കുമിഞ്ഞുകൂടുന്നത് 'സിബിൽ സ്കോർ' കുറയാൻ കാരണമാകും. ഇത് പിന്നീട് വീടുണ്ടാക്കാനോ മക്കളുടെ പഠനത്തിനോ വേണ്ടി ബാങ്ക് വായ്പ എടുക്കുന്നതിന് തടസ്സമാകും. കടം വീട്ടുന്ന തിരക്കിൽ ഭാവിയിലേക്ക് വേണ്ടി ഒരു രൂപ പോലും മാറ്റിവെക്കാൻ ഇവർക്ക് സാധിക്കുന്നില്ല.

50-30-20 rule

സ്വയം നിയന്ത്രിക്കുക

50-30-20 നിയമം പാലിച്ചാൽ ഈ കുരുക്കിൽ നിന്ന് ഒരു പരിധി വരെ മാറി നിൽക്കാൻ സാധിക്കും. ശമ്പളത്തിന്റെ 50% അത്യാവശ്യങ്ങൾക്കും, 30% ആഗ്രഹങ്ങൾക്കും, 20% എങ്കിലും സമ്പാദ്യത്തിനുമായി മാറ്റിവെക്കണം. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ലോൺ എടുക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ പൂർണ്ണമായും അടയ്ക്കാൻ ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ തുക മാത്രം അടച്ച് പലിശ കൂട്ടരുത്.ചെറിയ ഇഎംഐകൾ കാണുമ്പോൾ അത് ലാഭമാണെന്ന് തോന്നുമെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക ഭാവിയെ തകർക്കുന്ന വലിയൊരു ബാധ്യതയായി മാറും

Content Highlights: The dream that started with just Rs 999, ended with a debt of Rs 50 lakhs, you should know the 50-30-20 rule

dot image
To advertise here,contact us
dot image