

ന്യൂഡൽഹി: ഓക്‌സഫര്‍ഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് തൻ്റെ പാസ്‌പോർട്ട് ഫ്ലാഗ് ചെയ്ത വിവരം ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സൗരവ് ദാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ 'കോക്രോച്ച് മൂവ്മെൻ്റിനെ'ക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സർക്കാർ തടയുകയായിരുന്നെന്ന് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കാനാണ് താൻ ലണ്ടനിലേക്ക് തിരിച്ചതെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ ബൗദ്ധിക ചർച്ചകളിൽ പങ്കെടുക്കുന്നതിനെ സർക്കാർ ഭയപ്പെടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.
'ഞാൻ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചിരുന്നെങ്കിൽ ഈ സർക്കാർ എന്നെ പോവാൻ അനുവദിച്ചേനെ' എന്നും അദ്ദേഹം പരിഹസിച്ചു.
🚨This coward government did not allow me to board my flight to London where I was invited by prestigious universities like Oxford, Cambridge, LSE, Edinburgh to deliver talks on the cockroach movement. Indian students put their heart and soul to organise the events but this anti-intellectual govt was scared of me going to these prestigious institutions!@Cockroachisback
— Saurav Das (@SauravDassss) November 23, 2026
മന്ത്രിമാർ രാജിവെക്കാൻ വിസമ്മതിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന് മന്ത്രിസഭാ വികസനം പോലും നടത്താൻ കഴിയുന്നില്ലെന്നും സൗരവ് ദാസ് കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ തൻ്റെ പ്രവർത്തനങ്ങളെ തടയില്ലെന്നും ഭാവിയിൽ ലണ്ടനിലേക്കും പാരീസിലേക്കും യാത്ര ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചത്. ലോകം ചുറ്റാൻ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചില നിരക്ഷരർക്ക്, സൗരവിന് ഓക്സ്ഫോർഡിൽ നിന്ന് ക്ഷണം ലഭിച്ചതിലുള്ള അസൂയ കാരണമാണ് യാത്ര തടഞ്ഞതെന്ന് ദിപ്കെ എക്സിൽ ആരോപിച്ചു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.
Saurav was invited to speak at a conference at the University of Oxford, but looks like some anpadh gawar in power, who himself loves travelling around the world, is jealous of Saurav getting an invitation from Oxford.
— Abhijeet Dipke (@abhijeet_dipke) November 23, 2026
Content Highlights: Cockroach Janata Party co-convenor Saurav Das alleges he was stopped at Delhi airport from travelling to London for an Oxford University event after immigration officials flagged his passport.