150 കുതിരകളുടെ പന്തയവും സമ്മാനമായി ഥാർ ജീപ്പും, ആർഭാടമായി എംഎൽഎയുടെ മകളുടെ വിവാഹം

ബിഹാറിലെ ഈ വർഷത്തെ ഏറ്റവും വലിയ ആർഭാട വിവാഹത്തിന്റെ വിശേഷങ്ങൾ ഒരുപാടാണ്

150 കുതിരകളുടെ പന്തയവും സമ്മാനമായി ഥാർ ജീപ്പും, ആർഭാടമായി എംഎൽഎയുടെ മകളുടെ വിവാഹം
anant singh and daughter
dot image

പട്‌ന: നവംബർ 25ന് നടക്കാനിരിക്കുന്ന, ജനതാദൾ (യു)വിൽ നിന്ന് പുറത്താക്കപ്പെട്ട ബിഹാർ എംഎൽഎ അനന്ത് സിംഗിൻ്റെ മകൾ ശിവാംഗിയുടെ വിവാഹ ഒരുക്കങ്ങൾ ഒരുമാസം മുമ്പ് തന്നെ തുടങ്ങി. ഏക്കറുകണക്കിന് നെൽപാടങ്ങള്‍ തിളങ്ങുന്ന കല്യാണ പന്തലുകളായി, പല സംസ്ഥാനങ്ങളിൽ നിന്നായി പ്രത്യേക ഇനം കുതിരകളുടെ വൻനിര, ഭക്ഷണമൊരുക്കാൻ പ്രത്യേക പന്തലുകൾ, വിരുന്നുകാരായി ഭോജ്പൂരി സിനിമാ താരങ്ങൾ. ബിഹാറിലെ ഏറ്റവും വലിയ ആർഭാട വിവാഹത്തിന്റെ വിശേഷങ്ങൾ ഒരുപാടാണ്. ശിവാംഗിയെ വിവാഹം കഴിക്കാൻപോകുന്നത് കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേഷ് കുമാറുമാണ്.

പൊതുവെ ഇങ്ങനെയുള്ള ആർഭാട വിവാഹങ്ങൾക്ക് കുടുംബാങ്ങൾക്കും അതിഥികൾക്കും മാത്രമേ ക്ഷണമുണ്ടാകു. എന്നാൽ ഈ വിവാഹത്തിന് എല്ലാവർക്കും ക്ഷണമുണ്ട്. തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ആർക്കും വിവാഹത്തിൽ പങ്കെടുക്കാമെന്നാണ് അനന്ത് സിങ് പറഞ്ഞിട്ടുള്ളത്. കല്യാണ ഒരുക്കങ്ങളിലെ മറ്റൊരു വിസ്മയക്കാഴ്ച കലവറകളാണ്. അഞ്ഞൂറോളം ആളുകളെയാണ് പലഹാരങ്ങളുണ്ടാക്കാനായി നിയമിച്ചിട്ടുള്ളത്. 150ൽ പരം വിഭവങ്ങളാണ് വിവാഹ സൽക്കാരത്തിനായി ഒരുക്കുന്നത്. മധുരപലഹാരങ്ങൾക്കായി ടാങ്കറുകളിൽ പാൽ എത്തിക്കുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കാൻ മാത്രമായി 12 പന്തലുകൾ വേറെയും ഒരുക്കുന്നുണ്ട്.

ഭക്ഷണം വിളമ്പുന്നതിനായി കുറഞ്ഞത് നാല് വലിയ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഒന്നിലധികം കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. അലങ്കരിച്ച താഴികക്കുടങ്ങളും സങ്കീർണ്ണമായ വാസ്തുവിദ്യാ സവിശേഷതകളും വിവാഹ മണ്ഡപങ്ങളുടെ സവിശേഷതയാണ്. വിവാഹത്തിനു മുന്നോടിയായി നടക്കുന്ന കുതിര പന്തയത്തിനായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രത്യേക ഇനം കുതിരകളെ എത്തിക്കും.ഓടുന്നതിനിടെ ഒരേസമയം രണ്ട് കാലുകൾ ഉയർത്തിയുള്ള കുതിരകളുടെ പ്രത്യേക നടത്തമാണ് മത്സരത്തിന്റെ പ്രത്യേകത.മൽസര വിജയിക്ക് ഥാർ എസ് യു വിയാണ് സമ്മാനം.

ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും മൗവിൽ നിന്നും 400-ലധികം കരകൗശല വിദഗ്ധരെയും തൊഴിലാളികളെയും പന്തലുകൾ നിർമ്മിക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. അവസാനഘട്ട മിനുക്കുപണികൾക്കായി മൗവിൽ നിന്നുള്ള എട്ട് ചിത്രകാരന്മാരടങ്ങുന്ന സംഘം ഒരാഴ്ച മുമ്പേ എത്തിച്ചേർന്നിട്ടുണ്ട്. മഴ ഒരുക്കങ്ങളെ ബാധിക്കാതെ ഇരിക്കാൻ വൻ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അതിഥികളെ സ്വീകരിക്കാൻ ആറോളം ഹെലിപ്പാഡുകളാണ് നിർമ്മിച്ചിട്ടുള്ളത്. 4 ലക്ഷത്തോളം പേരാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്.

Content Highlights: An MLA's daughter's wedding attracted attention for its lavish celebrations, which included a horse race featuring 150 horses. A Mahindra Thar jeep was announced as the prize for the event.

dot image
To advertise here,contact us
dot image