ക‍ർ‌ണാടകയിൽ കോൺ​ഗ്രസ് സർക്കാരിനെ സമ്മർദത്തിലാക്കി ആശമാർ; അനിശ്ചിതകാല സമരം തുടരുന്നു

വെറും വാക്കാൽ നൽകുന്ന ഉറപ്പുകളിൽ വിശ്വാസമില്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സർക്കാർ ഔദ്യോഗികമായി രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം

ക‍ർ‌ണാടകയിൽ കോൺ​ഗ്രസ് സർക്കാരിനെ സമ്മർദത്തിലാക്കി ആശമാർ; അനിശ്ചിതകാല സമരം തുടരുന്നു
dot image

ബെംഗളൂരു: കർണാടകയിൽ സർക്കാരിനെ സമ്മർദത്തിലാക്കി ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകരുടെ അിശ്ചിതകാല സമരം. നവംബർ 17ന് ആരംഭിച്ച സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആശാ പ്രവർത്തകരാണ് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ തടിച്ചുകൂടിയിരിക്കുന്നത്

പ്രതിമാസം 15,000 രൂപ സ്ഥിര വേതനം നൽകുക, മെച്ചപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, കുടിശ്ശികയുള്ള ഇൻസെന്റീവുകൾ വിതരണം ചെയ്യുക, ഡിജിറ്റൽ റിപ്പോർട്ടിങ് ആപ്പുകളുമായി (സമസ്ത/സമസ്യ ആപ്പ്) ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. വെറും വാക്കാൽ നൽകുന്ന ഉറപ്പുകളിൽ വിശ്വാസമില്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സർക്കാർ ഔദ്യോഗികമായി രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

2025 ജനുവരിയിൽ നടന്ന സമരത്തിനിടെ, അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശാ പ്രവർത്തകരുടെ വേതനം 2025 ഏപ്രിൽ മുതൽ 10,000 രൂപയായി വർധിപ്പിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. അന്ന് സമരം പിൻവലിച്ചെങ്കിലും, ആ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രവർത്തകരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർത്ഥിച്ചു. സർക്കാരിന് ആശാ പ്രവർത്തകരുടെ ആശങ്കകളിൽ സഹാനുഭൂതിയുണ്ടെന്നും, 15,000 രൂപ വേതനം നൽകണമെന്ന വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കർണാടകയിൽ ഏകദേശം 41,000 ആശാ പ്രവർത്തകരുണ്ടെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം ചേർത്താണ് നിലവിലെ വേതനം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ സമരത്തിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളുമില്ലെന്നും, രാഷ്ട്രീയ പിന്തുണയല്ല, വാഗ്ദാനം ചെയ്ത വേതനമാണ് വേണ്ടതെന്നും പ്രതിഷേധിക്കുന്ന ആശാ പ്രവർത്തകരുടെ സംഘടന വ്യക്തമാക്കി. കുട്ടികളെ വീട്ടിലാക്കിയാണ് തങ്ങൾ അനിശ്ചിതകാല സമരത്തിനായി എത്തിയതെന്നും നിലവിലെ തുച്ഛമായ തുക കൊണ്ട് ജീവിച്ചുപോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

'ഞങ്ങൾക്ക് പ്രതിമാസം 5,000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഈ വിലക്കയറ്റത്തിന്റെ കാലത്ത് ആ തുക കൊണ്ട് ഒരാൾക്ക് എങ്ങനെ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാനാകും? എല്ലാ സാധനങ്ങൾക്കും കടുത്ത വിലക്കയറ്റമാണ്,' സമരം ചെയ്യുന്ന ആശാ പ്രവർത്തകർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ഒരു മാസം നീണ്ടുനിന്നാലും മുന്നോട്ട് കൊണ്ടുപോകുമെന്നും, ഫ്രീഡം പാർക്കിൽ നിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സമരം ശക്തമായ പശ്ചാത്തലത്തിൽ, കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ മുൻനിര ആരോഗ്യ പ്രവർത്തകരെ വഞ്ചിക്കുകയാണെന്ന് ബിജെപി നേതാവ് ആർ അശോക ആരോപിച്ചു.

'മുഖ്യമന്ത്രിയിൽ വിശ്വാസമില്ല! കോൺഗ്രസ് സർക്കാരിൽ വിശ്വാസമില്ല! മൂന്നര വർഷം കഴിഞ്ഞിട്ടും മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പാലിക്കപ്പെടാതിരിക്കുമ്പോൾ, വെറും വാചകകസർത്ത് മാത്രം നടത്തുന്ന ഉറപ്പുകൾ ആശാ പ്രവർത്തകർ ഇനി എങ്ങനെ വിശ്വസിക്കും?! ഞങ്ങൾക്ക് ഗ്യാരണ്ടികൾ വേണ്ട, രേഖാമൂലമുള്ള ഉത്തരവ് നൽകൂ എന്ന് ആവശ്യപ്പെട്ട് ആറാം ദിവസവും രാപ്പകലില്ലാതെ ഫ്രീഡം പാർക്കിൽ തെരുവിലിറങ്ങി സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ രോഷം പൂർണമായും ന്യായമാണ്,' അശോക പറഞ്ഞു.

കൂടാതെ, കർണാടകയുടെ ആരോഗ്യരംഗത്തെ സുപ്രധാന ഘടകമായ സ്ത്രീകളോട് കോൺഗ്രസ് സർക്കാർ 'മനുഷ്യത്വരഹിതമായി' പെരുമാറുകയാണെന്നും, അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം കഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിമാസം 15,000 രൂപ വേതനം, ഒറ്റത്തവണ വിരമിക്കൽ ആനുകൂല്യങ്ങൾ, സമസ്യ ആപ്പ് പിൻവലിക്കൽ എന്നിവ അടങ്ങിയ ഔദ്യോഗിക ഉത്തരവ് ഉടനടി പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Thousands of ASHA workers from across Karnataka have launched an indefinite protest at Bengaluru's Freedom Park, demanding a fixed monthly salary of Rs 15,000, improved retirement benefits, pending incentives and solutions to issues with digital reporting apps. The workers say the government has failed to honour its previous salary revision promise. While Chief Minister D K Shivakumar has sought time to examine the financial implications, the protesters insist on a written government order. The agitation has also triggered criticism from BJP leader R Ashoka, who accused the Congress government of failing to fulfil its promises to frontline health workers.

dot image
To advertise here,contact us
dot image