കോടതി നടപടികൾ മൊബൈലിൽ പകർത്തിയ യുവാവിനെ ജയിലിലടച്ച് അലഹബാദ് ഹൈക്കോടതി; കോടതി മുറിക്കുള്ളിൽ ഫോൺ നിരോധിച്ചു

അഭിഭാഷകർ ഒഴികെ മറ്റാരും കോടതി മുറിയിൽ ഫോൺ കൊണ്ടുവരാൻ പാടിലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും കക്ഷിയുടെ കൈവശം കോടതി മുറിക്കുള്ളിൽ ഫോൺ കണ്ടെത്തിയാൽ, ബന്ധപ്പെട്ട അഭിഭാഷകനായിരിക്കും അതിന് പൂർണ്ണ ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി

കോടതി നടപടികൾ മൊബൈലിൽ പകർത്തിയ യുവാവിനെ ജയിലിലടച്ച് അലഹബാദ് ഹൈക്കോടതി; കോടതി മുറിക്കുള്ളിൽ ഫോൺ നിരോധിച്ചു
dot image

പ്രയാഗ്‌രാജ്: കോടതി നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. സംഭവത്തെത്തുടർന്ന് കക്ഷികൾ കോടതി മുറിക്കുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കോടതി കർശനമായി നിരോധിച്ചു. കോടതി നടപടികൾ അനധികൃതമായി റെക്കോർഡ് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ആർക്കുമില്ലെന്ന് ജസ്റ്റിസ് വിക്രം ഡി ചൗഹാൻ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കോടതി നടപടികൾ നടക്കുന്നതിനിടെ വാരാണസി സ്വദേശിയായ രാജ് കുൽശ്രേഷ്ഠ എന്നയാൾ തൻ്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ജസ്റ്റിസ് വിക്രം ഡി. ചൗഹാൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അഭിഭാഷകരുടെ ചേംബറിലേക്ക് പ്രവേശിക്കാനുള്ള പാസ് മാത്രമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കോടതി മുറിയിൽ പ്രവേശിക്കാൻ ഇയാൾക്ക് അനുമതിയുണ്ടായിരുന്നില്ല.

എന്തിനാണ് ദൃശ്യങ്ങൾ പകർത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇയാൾക്കായില്ല. തുടർന്ന് കോടതി ജീവനക്കാർ ഫോൺ പരിശോധിച്ചപ്പോൾ, കോടതി നടപടികളുടെ മൂന്ന് വീഡിയോകൾ ഇതിൽ കണ്ടെത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാനും പിറ്റേന്ന് രാവിലെ പത്ത് മണിക്ക് പ്രയാഗ്‌രാജ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലും തുടർന്ന് ഹൈക്കോടതിയിലും ഹാജരാക്കാൻ ഉത്തരവിട്ടു.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോള്‍ രാജ് കുൽശ്രേഷ്ഠ തന്‍റെ പ്രവൃത്തിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഇതോടെ കോടതി നടപടികൾ അവസാനിപ്പിക്കുകയും ഇയാളെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. ഫോണില്‍ പകർത്തിയ കോടതി ദൃശ്യങ്ങൾ പൂർണമായും ഡിലീറ്റ് ചെയ്ത് ഫോൺ റീസെറ്റ് ചെയ്ത ശേഷം തിരികെ നൽകാ കോടതി നിർദ്ദേശിച്ചു. ഇത്തരം വീഡിയോകൾ ഒരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും കോടതി കർശന താക്കീത് നൽകി.

Justice Vikram D Chauhan
ജസ്റ്റിസ് വിക്രം ഡി. ചൗഹാൻ

കോടതി നടപടികൾ അനധികൃതമായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് 'സോഷ്യൽ മീഡിയ വിചാരണയ്ക്ക്' കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, സിബിഐ, ഇ ഡി കേസുകൾ, ജനപ്രതിനിധികൾക്കെതിരായ കേസുകൾ തുടങ്ങിയവയാണ് കോടതി പരിഗണിക്കുന്നത്. ഇവയുടെ വിവരങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് മുൻപ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വരുന്നത് കക്ഷികളുടെ സ്വകാര്യതയെയും അവകാശങ്ങളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കോടതി മുറിക്കുള്ളിൽ കക്ഷികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പൂർണമായും വിലക്കിക്കൊണ്ട് ഉത്തരവിട്ടു. അഭിഭാഷകർ ഒഴികെ മറ്റാരും കോടതി മുറിയിൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്നും, ഏതെങ്കിലും കക്ഷിയുടെ കൈവശം ഫോൺ കണ്ടെത്തിയാൽ ബന്ധപ്പെട്ട അഭിഭാഷകനായിരിക്കും അതിന് പൂർണ ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. കൂടാതെ കൃത്യമായ പാസ് ഇല്ലാത്ത കക്ഷികളെ കോടതി മുറിക്കുള്ളിലേക്ക് കടത്തിവിടരുതെന്ന് രജിസ്ട്രാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Content Highlights: Allahabad High Court restricts litigants from carrying mobile phones into courtrooms after a man was detained for secretly recording court proceedings. The court warned against sharing such videos online

dot image
To advertise here,contact us
dot image