

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തർ. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി അജിത് കുമാർ, 28ാം പ്രതി പി പി സുരേശ എന്നിവരാണ് കുറ്റക്കാർ. സിബിഐ പ്രത്യേക കോടതി (3)ആണ് വിധി പറഞ്ഞത്. കെവി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കും. 18 പ്രതികളെയാണ് കേസിൽ വെറുതെവിട്ടത്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയിൽ പ്രദേശത്ത് മുസ്‌ലിം ലീഗും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20ന് രാവിലെ 11.30നുശേഷം പ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു പി ജയരാജനും കല്ല്യാശ്ശേരി എംഎൽഎ ടി വി രാജേഷും. ഇവരുടെ വാഹനം അരിയിൽ മുസ്‌ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു.
ഇതിനിടെ, കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ കാണിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവൻ കടവിൽവെച്ച് സിപിഐഎം പ്രവർത്തകർ ഇവരെ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചുവെന്നുമാണ് കേസ് അന്വേഷണത്തിൽ ഉയർന്ന ആരോപണം.

ഈ സമയത്ത് പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കീഴറയിൽനിന്നുള്ള സിപിഐഎം പ്രവർത്തകർ ആശുപത്രിയിലെ നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയശേഷമാണ് ഷുക്കൂറിനെ വയലിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കുറ്റപത്രം. ഷുക്കൂറിനൊപ്പം അവസാനംവരെ ഉണ്ടായിരുന്ന സക്കരിയയ്ക്ക് മാരകമായി വെട്ടേറ്റെങ്കിലും രക്ഷപ്പെട്ടു. കണ്ണപുരം പൊലീസ് രക്ഷപ്പെടുത്തി ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പി വി അയ്യൂബ്, ഹാരിസ് എം കെ, പി അബ്ദുൽ സലാം എന്നിവരും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

സക്കരിയ നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സിഐയു പ്രേമനായിരുന്നു അന്വേഷണ ചുമതല.
പിന്നീട് 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഷുക്കൂറിന്‍റെ മാതാവ് പി ആത്തിക്ക നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐക്ക് കെെമാറിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്.
Content Highlights: A court has acquitted P Jayarajan, TV Rajesh and Shyamjith in the Aril Shukoor case. The verdict clears all three individuals of the charges in the case.