'രാമന് അമ്പലമൊരുക്കി, ഇനി കൃഷ്ണന്'; മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ള സമയമെന്ന് BJP

അയോധ്യയ്ക്കും കാശിക്കും (വാരാണസി) ശേഷം ഈ തിരഞ്ഞെടുപ്പില്‍ മഥുര വലിയൊരു പ്രചാരണ വിഷയമാണെന്നും, ഇതിലൂടെ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരം പിടിക്കുമെന്നും മഥുര എംപി ഹേമമാലിനി പറഞ്ഞു

'രാമന് അമ്പലമൊരുക്കി, ഇനി കൃഷ്ണന്'; മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ള സമയമെന്ന് BJP
dot image

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 'ശ്രീകൃഷ്ണ ജന്മഭൂമി' വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി. ഹിന്ദു വിശ്വാസ പ്രകാരം ശ്രീകൃഷ്ണന്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കാനുള്ള ഉചിതമായ സമയമാണിതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രാമക്ഷേത്രം പോലെ കൃഷ്ണക്ഷേത്രവും പ്രചാരണായുധമാക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്ന സൂചന കൂടിയാണ് മൗര്യ നല്‍കിയത്.

Keshav Prasad Maurya
കേശവ് പ്രസാദ് മൗര്യ

മഥുരയില്‍ ചേര്‍ന്ന ബിജെപി നേതാക്കളുടെ രണ്ടു ദിവസത്തെ യോഗത്തിന്റെ ഒന്നാം ദിവസത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഇക്കാര്യം പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുപോലെ നിയമപരമായ നടപടികളിലൂടെയോ പരസ്പര സമ്മതത്തോടെയോ മഥുരയിലെ ക്ഷേത്ര നിര്‍മാണവും വിപുലീകരണവും മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയ്ക്കും കാശിക്കും (വാരാണസി) ശേഷം ഈ തിരഞ്ഞെടുപ്പില്‍ മഥുര വലിയൊരു പ്രചാരണ വിഷയമാണെന്നും, ഇതിലൂടെ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരം പിടിക്കുമെന്നും മഥുര എംപി ഹേമമാലിനി പറഞ്ഞു. കൃഷ്ണന്റെ ജന്മസ്ഥലവുമായി പാര്‍ട്ടി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി വ്യക്തമാക്കി.

Also Read:

1992 ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ബിജെപിയും സംഘപരിവാറും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന് കാശിയും മഥുരയും ലക്ഷ്യമിട്ടുള്ളത് തന്നെയായിരുന്നു. 'അയോധ്യ, ബാബരി തോ സിർഫ് ഝാന്‍കി ഹേ, കാശി മഥുര ബാക്കി ഹേ' (അയോധ്യയും ബാബരിയും ഒരു തുടക്കം മാത്രം, കാശിയും മഥുരയും ഇനി ബാക്കിയുണ്ട്) എന്നതായിരുന്നു ആ മുദ്രാവാക്യം. മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, മഥുരയെന്ന ആ ലക്ഷ്യമാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നത്.

BJP
ബിജെപി

മഥുരയിലെ കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് ഈ പള്ളി പണിതതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പ്രാദേശിക കോടതിയിലും അലഹാബാദ് ഹൈക്കോടതിയിലും ഹിന്ദുത്വ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. പള്ളി കമ്മിറ്റി തങ്ങളുടെ അവകാശവാദം പിന്‍വലിച്ച് ക്ഷേത്ര വികസനത്തിന് വഴിയൊരുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനായി പാര്‍ട്ടി പല സമ്മര്‍ദ തന്ത്രങ്ങളും പ്രയോഗിക്കുന്നുമുണ്ട്.

പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയെയും (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. അഖിലേഷ് യാദവ് യഥാര്‍ത്ഥ കൃഷ്ണ ഭക്തനാണെങ്കില്‍ മഥുരയിലെ ക്ഷേത്ര നിര്‍മാണത്തിനായി ബിജെപിയോടൊപ്പം ചേര്‍ന്ന് 'കര്‍സേവ' ചെയ്യാന്‍ മുന്നോട്ട് വരണമെന്ന് മൗര്യ ക്ഷണിച്ചു. 2012 മുതല്‍ 2017 വരെയുള്ള എസ്പി ഭരണകാലത്ത് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ത്തത് ജനങ്ങള്‍ക്ക് മറക്കാനാവില്ലെന്നും, ക്ഷേത്ര നിര്‍മാണ പ്രസ്ഥാനത്തെ സഹായിക്കുന്നതിലൂടെ അവര്‍ക്ക് ആ പാപങ്ങള്‍ കഴുകിക്കളയാമെന്നും മൗര്യ പരിഹസിച്ചു.

Akhilesh Yadav
അഖിലേഷ് യാദവ്

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള തന്ത്രങ്ങള്‍ മെനയാന്‍ 54 മുതിര്‍ന്ന ബിജെപി നേതാക്കളാണ് മഥുരയിലെ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന്റെ ഒന്നാം ദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള വിനോദ് താവ്‌ഡെ എന്നിവര്‍ പങ്കെടുത്തു.

Content Highlight: The BJP has brought the Mathura Krishna Janmabhoomi issue into focus ahead of the 2027 Uttar Pradesh Assembly election. Deputy Chief Minister Keshav Prasad Maurya said it was the right time to build a Krishna temple in Mathura, signalling the party's intention to highlight the issue in its election campaign. The demand to develop the temple near the Shahi Idgah mosque has also become a point of political contention between the BJP and the Samajwadi Party.

dot image
To advertise here,contact us
dot image