'ഏഴാം ക്ലാസുകാരിയെ കൊണ്ട് 3 നില മുകളിലേക്ക് അലമാര ചുമപ്പിച്ചു'; സ്‌കൂളിനെതിരെ പരാതിയുമായി ആദിവാസി വിദ്യാർത്ഥി

പരിക്കേറ്റിട്ടും കുട്ടിക്ക് യഥാസമയം ചികിത്സ നല്‍കിയില്ല എന്ന ആരോപണവും കുടുംബം ഉയര്‍ത്തുന്നുണ്ട്

'ഏഴാം ക്ലാസുകാരിയെ കൊണ്ട് 3 നില മുകളിലേക്ക് അലമാര ചുമപ്പിച്ചു'; സ്‌കൂളിനെതിരെ പരാതിയുമായി ആദിവാസി വിദ്യാർത്ഥി
dot image

വയനാട്: വയനാട് കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലികള്‍ ചെയ്യിക്കുന്നതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊണ്ട് മൂന്ന് നില മുകളിലേക്ക് അലമാര എടുപ്പിച്ചെന്നും ഇതിനിടെ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് ആരോപണം. പരിക്കേറ്റിട്ടും കുട്ടിക്ക് യഥാസമയം ചികിത്സ നല്‍കിയില്ല എന്ന ആരോപണവും കുടുംബം ഉയര്‍ത്തുന്നുണ്ട്. മറ്റ് കുട്ടികളുെടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആറ് ദിവസത്തിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോസ്റ്റലിലെ ഭക്ഷണത്തിന് ഗുണനിലവാരമില്ല എന്ന ആക്ഷേപവുമുണ്ട്. ട്രൈബല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം മന്ത്രി കെ എ തുളസിക്ക് പരാതി നല്‍കി.

അലമാരയുടെ ഭാരം താങ്ങാനാകാതെ തോള്‍ എല്ല് ഇളകുന്ന സാഹചര്യമാണ് ഏഴാം ക്ലാസുകാരിക്ക് അനുഭവിക്കേണ്ടി വന്നത്. പിന്നാലെ സ്‌കൂളിലെ ജീവനക്കാരിയോട് തനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിയുന്നില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നമൊന്നുമില്ല ഒറ്റക്ക് കഴിക്കാവുന്നതേ ഉള്ളൂ എന്നായിരുന്നു മറുപടിയെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞപ്പോള്‍ പെയിന്‍ ബാം പുരട്ടി തന്നു. പിന്നെ കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ കര്‍ശനമായി ഇടപെട്ടതിന് ശേഷമാണ് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. എക്‌സറേ പരിശോധനയില്‍ കുട്ടിയുടെ കയ്യ് എല്ലില്‍ പോറല്‍ ഉണ്ടെന്നും തോള്‍ എല്ല് തെന്നി മാറിയെന്നും കണ്ടെത്തിയതായി വിദ്യാര്‍ത്ഥിയുടെ മാതാവും വ്യക്തമാക്കി.

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള സ്‌കൂളില്‍ 400ല്‍ അധികം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് മോഡല്‍ റെസിഡന്‍ഷ്യല്‍ സകൂളിന്റെ ലക്ഷ്യം. എന്നാല്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠന സൗകര്യം ഒരുക്കുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ എ തുളസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: A complaint has been raised against Kaniyambetta Model Residential School in Wayanad over allegations that tribal students were made to perform manual work at the hostel. The family alleges that a seventh-grade student suffered serious injuries while carrying a cupboard to the third floor and did not receive timely medical attention. The student was admitted to hospital six days later following pressure from other students, according to the complaint. Concerns have also been raised over food quality at the hostel. The family has submitted a complaint to Minister K A Thulasi.

dot image
To advertise here,contact us
dot image