

ന്യൂഡൽഹി: തൻ്റെ മാതാപിതാക്കൾ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറൻ്റിൽ ഗേൾഫ്രണ്ടുമായി പോയ അനുഭവം പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേംബ്രിഡ്ജിലെ വാഴ്സിറ്റി റെസ്റ്റോറൻ്റിലാണ് സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയത്. രാഹുൽ ഗാന്ധി വികാരഭരിതനായി പങ്കുവെച്ച കഥ സദസ്സിൽ ചിരിപടർത്തി. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു രാഹുലിന്റെ ഹൃദ്യമായ പ്രസംഗം.

'എന്റെ മാതാപിതാക്കളെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അവർ വാഴ്സിറ്റി റെസ്റ്റോറന്റിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയത്. വർഷങ്ങൾക്ക് ശേഷം ഞാൻ കേംബ്രിഡ്ജിൽ ഉണ്ടായിരുന്ന സമയത്ത് ആ റെസ്റ്റോറന്റിൽ പോകാമെന്ന് ഗേൾ ഫ്രണ്ടിനോട് പറഞ്ഞു. അവൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.' രാഹുൽ പറഞ്ഞു. 'റെസ്റ്റോറന്റിന്റെ ആ മഞ്ഞ വാതിൽ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഞങ്ങൾ അവിടെയെത്തിയപ്പോൾ വാതിൽക്കൽ നിന്നൊരാൾ എത്ര പേരുണ്ടെന്ന് ചോദിച്ചു, രണ്ടുപേർ എന്ന് മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങൾക്ക് ഇരിക്കാൻ ഇടം നൽകി. ഓർഡർ ചെയ്യാൻ എത്തിയപ്പോൾ, എന്റെ മാതാപിതാക്കൾ ഇവിടെ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് ഞാൻ അയാളോട് പറഞ്ഞു. എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പറഞ്ഞത്, 'ഓ അവരോ, എനിക്കറിയാം… നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം' എന്നാണ്.'
തുടർന്ന് അവിടെ നിന്ന് കഴിക്കാൻ മികച്ച വിഭവം ഏതാണെന്ന് ചോദിച്ചപ്പോൾ 'ചിക്കൻ ചോസർ' ആണെന്ന് അദ്ദേഹം മറുപടി നൽകി. അതനുസരിച്ച് അവർ അത് ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ ആ ഭക്ഷണം വളരെ മോശമായിരുന്നുവെന്ന് രാഹുൽ ചിരിയോടെ ഓർത്തെടുത്തു. 'നിങ്ങൾക്ക് പ്രണയത്തിലാകണമെങ്കിൽ വാഴ്സിറ്റി റെസ്റ്റോറന്റിൽ പോകാം. പക്ഷെ, ഒരിക്കലും അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്. അവിടുത്തെ ഭക്ഷണം അതിഗംഭീരമായിരുന്നു എന്നാണ് മാതാപിതാക്കൾ ഓർക്കുന്നത്. എന്നാൽ എൻ്റെ അനുഭവത്തിൽ ഭക്ഷണം വളരെ മോശമായിരുന്നു,' സദസ്സിൽ ചിരിപടർത്തിക്കൊണ്ട് രാഹുൽ പറഞ്ഞു. പരിപാടിക്ക് ശേഷം, പ്രസംഗത്തിൽ പരാമർശിച്ച കാമുകി എവിടെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അവർ എന്റെ ഒരു സുഹൃത്താണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.
മാതാപിതാക്കൾ തമ്മിലുണ്ടായിരുന്ന അഗാധമായ സ്നേഹത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് അവർ പരസ്പരം വഴക്കിടുന്നത് താൻ കണ്ടിട്ടുള്ളത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ഫോണിൽ സംസാരിക്കുകയായിരുന്നു രാജീവ് ഗാന്ധി, വളരെ സമ്മർദ്ദത്തിലായിരുന്ന സമയത്ത് അദ്ദേഹത്തോട് സോണിയ ഗാന്ധി എന്തോ പറയാൻ ശ്രമിച്ചു. അന്ന് അച്ഛൻ അമ്മയോട് ദേഷ്യപ്പെട്ട. അത് മാത്രമാണ് അവർ തമിലുള്ള വഴക്കായി ഓർമ്മയിലുള്ളതെന്നും രാഹുൽ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ കൊലപാതകം സോണിയയുടെ ജീവിതം എങ്ങനെ മാറ്റിമറിച്ചുവെന്ന് പറയുമ്പോൾ രാഹുൽ വികാരഭരിതനായി. ഇന്ദിരാ ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും മരണം കുടുംബത്തിന്‍റെ ഏറ്റവും വലിയ നെടുംതൂണുകളാണ് ഇല്ലാതാക്കിയത്. 'എപ്പോഴും ചിരിക്കുന്ന, തമാശകൾ പറയുന്ന ആ അമ്മയെ ഞങ്ങൾക്ക് അന്ന് നഷ്ടപ്പെട്ടു. മറ്റൊരു അമ്മയാണ് പിന്നീട് വന്നത്. കാരണം, അവരുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞുപോയിരുന്നു.' രാഹുൽ പറഞ്ഞു. കാൻസർ ബാധിച്ച സമയത്തും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും അമ്മ ഒരിക്കൽപോലും ഭയപ്പെടുകയോ പിന്നോട്ട് മാറുകയോ ചെയ്തിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. 'മമ്മീ, പപ്പയ്ക്ക് നിങ്ങളെ വലിയ കാര്യമായിരുന്നു. നിങ്ങൾ ഇന്ന് ഇവിടെ എത്തിനിൽക്കുന്നതിൽ അദ്ദേഹം എത്രത്തോളം അഭിമാനിക്കുന്നുണ്ടാകുമെന്ന് എനിക്ക് പറഞ്ഞറിയിക്കാനാകില്ല,' ഈ വാക്കുകളോടെയാണ് രാഹുൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
1965-ലാണ് രാജീവ് ഗാന്ധിയും സോണിയയും കേംബ്രിഡ്ജിലെ വിദ്യാർത്ഥികൾ സ്ഥിരമായി എത്തുന്ന വാഴ്സിറ്റി എന്ന ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് സുഹൃത്തുക്കളായ ഇരുവരും 1968 ഫെബ്രുവരി 25-നാണ് വിവാഹിതരായത്.
Content Highlights: At the launch of Sonia Gandhi's memoir, Rahul Gandhi recalled his parents' first meeting at a Cambridge restaurant and shared a humorous story about visiting the same place with his girlfriend.