ഓഗസ്റ്റില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രികരുടെ 6.3 ശതമാനം കുറഞ്ഞു; ഡിജിസിഎ റിപ്പോര്‍ട്ട്

ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം 121.26 ലക്ഷമായി കുറഞ്ഞു

ഓഗസ്റ്റില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രികരുടെ 6.3 ശതമാനം കുറഞ്ഞു; ഡിജിസിഎ റിപ്പോര്‍ട്ട്
dot image

മുംബൈ: ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ഓഗസ്റ്റില്‍ 6.34 ശതമാനം കുറഞ്ഞെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം 121.26 ലക്ഷമായി കുറഞ്ഞു. 2025 ഓഗസ്റ്റില്‍ എല്ലാ ഇന്ത്യന്‍ വിമാനക്കമ്പനികൾക്കും കൂടി ആകെ 129.47 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

'2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ആഭ്യന്തര വിമാനക്കമ്പനികള്‍ വഹിച്ച യാത്രക്കാരുടെ എണ്ണം 1,105.30 ലക്ഷമായിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 1,107.26 ലക്ഷമായിരുന്നു', ഡിജിസിഎ വ്യക്തമാക്കി.

ഡിജിസിഎ ഡാറ്റ പ്രകാരം, ഇന്‍ഡിഗോയുടെ വിപണി വിഹിതം ജൂലൈയിലെ 67.4 ശതമാനത്തില്‍ നിന്ന് 2.4 ശതമാനം ഇടിഞ്ഞ് 65 ശതമാനമായി. സ്പൈസ് ജെറ്റിന്റെ വിഹിതം ഈ വര്‍ഷം ജൂലൈയിലെ 1.6 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. എന്നാല്‍, എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ വിപണി വിഹിതം ഓഗസ്റ്റില്‍ 26.7 ശതമാനമായി ഉയര്‍ന്നു. 2026 ജൂലൈയെ അപേക്ഷിച്ച് 2.7 ശതമാനം വര്‍ധനവും എയര്‍ ഇന്ത്യയ്ക്കുണ്ടായി.

ജൂലൈ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആകാശ എയറിന്റെ വിപണി വിഹിതം മാറ്റമില്ലാതെ തുടരുന്നുവെന്നും ഡിജിസിഎ ഡാറ്റ വ്യക്തമാക്കുന്നു. 2026 ഓഗസ്റ്റില്‍ 10 പ്രധാന വിമാനത്താവളങ്ങളിലെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒടിപി) കണക്കിലെടുത്താല്‍, ഇന്‍ഡിഗോ 91.5 ശതമാനത്തോടെ പട്ടികയില്‍ ഒന്നാമതെത്തി. തൊട്ടുപിന്നില്‍ ആകാശ എയര്‍ 90.5 ശതമാനം, എയര്‍ ഇന്ത്യ ഗ്രൂപ്പ് 83.9 ശതമാനം എന്നിങ്ങനെയുണ്ട്.

Content Highlights: India's Domestic Air Traffic Declined 6.3% In August

dot image
To advertise here,contact us
dot image