തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബിജെപിയിൽ സംഘടനാ പുനഃസംഘടന; സ്മൃതി ഇറാനിക്ക് രണ്ട് സംസ്ഥാനങ്ങളുടെ ചുമതല

കേരളത്തിൻ്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി എം നാ​ഗരാജിനെ നിയമിച്ചു

തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബിജെപിയിൽ സംഘടനാ പുനഃസംഘടന; സ്മൃതി ഇറാനിക്ക് രണ്ട് സംസ്ഥാനങ്ങളുടെ ചുമതല
dot image

ന്യൂഡൽഹി: ബിജെപിയിൽ വൻ സംഘടനാ പുനഃസംഘടന. ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഢിന്റെയും പാർട്ടി ചുമതലയാണ് നൽകിയിരിക്കുന്നത്. ബിജെപി വൈസ് പ്രസിഡന്റ് രാം മാധവിന് തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല നൽകിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബുധനാഴ്ചയാണ് പാർട്ടി ചുമതലകൾ പുനഃസംഘടിപ്പിക്കുന്ന വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. രാജ്യത്തെ 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ചുമതലക്കാരെയും സഹചുമതലക്കാരെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെയും പരിഗണിച്ചാണ് ബിജെപിയുടെ സംഘടനാ പുനഃസംഘടന. കേരളത്തിൻ്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി എം നാ​ഗരാജിനെ നിയമിച്ചു. എം വേങ്കടേശനാണ് സഹ ചുമതലക്കാരൻ. അനില്‍ ആന്‍റണിയെ ഗോവയിലെയും നാ​ഗാലൻഡിലെയും സഹ ചുമതലക്കാരനായി നിയമിച്ചിട്ടുണ്ട്. ജോർജ് കുര്യന് ലക്ഷദ്വീപിൻ്റെയും കെ.സുരേന്ദ്രന്‍ പുതുച്ചേരിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

നേരത്തെ പാർട്ടിയുടെ ഐടി വിഭാഗത്തിന്റെ ചുമതലയിൽനിന്ന് മാറ്റിയ അമിത് മാളവ്യയയെ മഹാരാഷ്ട്രയുടെ സഹചുമതലക്കാരനായി നിയമിച്ചു. ബൈജയന്ത് ജയ് പാണ്ഡയാണ് മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവ്. സദാനന്ദ് ഷെട്ട് തനാവഡെ, കമൽജീത് സെഹ്രാവത് എന്നിവരും മഹാരാഷ്ട്രയുടെ സഹചുമതലക്കാരായിരിക്കും. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ചുമതല സതീഷ് പൂനിയയ്ക്ക് നൽകി. ഭോലാ സിംഗ് ഹരിയാനയുടെ സഹചുമതലക്കാരനാകും. ഗുജറാത്തിന്റെ ചുമതല തരുൺ ചുഗിന് നൽകിയപ്പോൾ അജയ് മഹാവർ, ഗോമതി സായ് എന്നിവർ സഹചുമതലക്കാരാകും. ഹിമാചൽ പ്രദേശിന്റെ പുതിയ ചുമതലക്കാരനായി ശ്രീകാന്ത് ശർമയെ നിയമിച്ചു.

ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കാണ്. ജഗദീഷ് പട്ടേൽ, മേധ കുൽക്കർണി, ഡോ. പ്രദീപ് വർമ്മ, അനന്ത് ഓജ എന്നിവർ സഹചുമതലക്കാരാണ്. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗം സഞ്ജയ് ഭാട്ടിയയെ രാജസ്ഥാന്റെ ചുമതലക്കാരനായി നിയമിച്ചു. കവിത പാട്ടീദാർ, കുൽജീത് ചാഹൽ എന്നിവർ സഹചുമതലക്കാരാകും. ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് മധ്യപ്രദേശിന്റെ ചുമതല നൽകി. രേഖ വർമ്മയാണ് സഹചുമതലക്കാരി. ഹരീഷ് ദ്വിവേദിക്ക് ബിഹാറിന്റെയും കർണാടകയുടെയും ചുമതല നൽകിയിട്ടുണ്ട്. സുനിൽ ബൻസലിന് തെലങ്കാനയുടെയും പശ്ചിമ ബംഗാളിന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. വിനയ് സഹസ്രബുദ്ധെയെ ഡൽഹിയുടെ ചുമതലക്കാരനായി നിയമിച്ചു.

സംഘടനാ പുനഃസംഘടനയുടെ ഭാഗമായി ബിജെപിയുടെ ആശയവിനിമയ വിഭാഗത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി അനിൽ ബാലൂണിയെ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ കോർഡിനേറ്ററായി നിയമിച്ചു. ദേശീയ മാധ്യമ, സോഷ്യൽ മീഡിയ വിഭാഗങ്ങളും ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കും. ദേശീയ മാധ്യമ വിഭാഗത്തിന്റെ സഹകൺവീനറായി നേരത്തെ നിയമിച്ചിരുന്ന ആശിഷ് ഉഷ അഗർവാളിനെ ഇപ്പോൾ കൺവീനറായാണ് നിയമിച്ചിരിക്കുന്നത്. അനിൽ ബാലൂണിക്ക് പകരമായാണ് പുതിയ ചുമതല.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനത്തിലും പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെ ഏറ്റവും പുതിയ സംഘടനാ പുനഃസംഘടനയിൽ രാജ്യത്തെ 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

Content Highlights: The BJP has undertaken an organisational reshuffle ahead of upcoming elections, assigning former Union minister Smriti Irani charge of Haryana and Chhattisgarh

dot image
To advertise here,contact us
dot image