കൗണ്‍സിലര്‍മാര്‍ 10, നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിൽ BJP സ്ഥാനാര്‍ത്ഥിക്ക് 0 വോട്ട്; സംഭവം രാജസ്ഥാനിൽ

ചെയര്‍പേഴ്‌സണായുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് പിന്തുണ ലഭിച്ച സ്ഥാനാർത്ഥിയാണ് വിജയിച്ചത്

കൗണ്‍സിലര്‍മാര്‍ 10, നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിൽ BJP സ്ഥാനാര്‍ത്ഥിക്ക് 0 വോട്ട്; സംഭവം രാജസ്ഥാനിൽ
dot image

ജയ്പൂര്‍: രാജസ്ഥാനിലെ നാഗ്പൂര്‍ ജില്ലയിലെ മുന്ദ്വവ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. മുന്ദ്വവ മുന്‍സിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല. ഗീതാ ദേവി എന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച അപ്രതീക്ഷിത തോല്‍വിയില്‍ പാര്‍ട്ടിയും അമ്പരപ്പിലാണ്. നഗരസഭയിലെ 25 സീറ്റില്‍ പത്ത് സീറ്റിലും വിജയിച്ച ബിജപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എന്നിരിക്കെയാണ് ഈ അപ്രതീക്ഷിത തോൽവി.

ചെയര്‍പേഴ്‌സണായുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്താന്ത്രിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അല്‍ക്ക ദേവി കാണ്ടോയ് ആണ് വിജയിച്ചത്. 13 വോട്ടുകളാണ് അല്‍ക്കയ്ക്ക് ലഭിച്ചത്. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഘനശ്യം സാധാവത്തിന് ലഭിച്ചത് 12 വോട്ടുകളാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൽക്ക ജയിച്ചത്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഘനശ്യാം സ്വതന്ത്രനായി മത്സരിച്ചത്.

വാര്‍ഡ് തലത്തില്‍ ബിജെപി -10, ആര്‍എല്‍പി - 7, കോണ്‍ഗ്രസ് -3, സ്വതന്ത്രര്‍ - 5 എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകൾ. ജയിച്ച ഒരു കൗണ്‍സിലര്‍ പോലും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Content Highlights: A BJP candidate for the chairperson post received zero votes in a municipal election in Mundwa, Rajasthan

dot image
To advertise here,contact us
dot image