

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ത്ഥാടന മുന്നൊരക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലെ പുരോഗതി വിലയിരുത്തിയാല്‍ കടുത്ത ആക്ഷേപത്തിനിടയാക്കും. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കാനാണ് മന്ത്രിയുടെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെടും.
ശബരിമലയില്‍ മാസപ്പൂജയുടെ ഭാഗമായി എത്തിയ ഭക്തര്‍ക്ക് ആവശ്യത്തിന് അരവണയും അപ്പവും ലഭിക്കാത്തത് വിവാദമായിരുന്നു. ഇതോടെ മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നായിരുന്നു ബോര്‍ഡ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ബോര്‍ഡിനെതിരെ കടുപ്പിച്ച് മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണമെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. മണ്ഡലകാലത്തിന് മുമ്പ് വരുന്ന ഭക്തര്‍ അരവണയും അപ്പവും വാങ്ങേണ്ട എന്നാണോയെന്നും നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്‌പെഷ്യല്‍ ടീമിനെ വച്ച് മണ്ഡലകാലം നടത്തുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അരവണ പ്രതിസന്ധിയിൽ ബോർഡിനെതിരെ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് കത്തയക്കാൻ മന്ത്രി തീരുമാനിച്ചത്. സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടും.
ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദേവസ്വം മന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ദേവസ്വം ബോര്‍ഡിനെതിരെ മുരളീധരന്‍ നിലപാട് കടുപ്പിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതിനെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശബരിമലയില്‍ തിരുവോണ ദിവസം ഭക്തര്‍ക്ക് ഓണസദ്യ ലഭിക്കാത്ത വിഷയത്തിലും മന്ത്രി ബോര്‍ഡിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് അരവണ പ്രതിസന്ധിയില്‍ ബോര്‍ഡിനെതിരെ മന്ത്രി രംഗത്തെത്തിയത്.
അതേസമയം മന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ദേവസ്വം ബോര്‍ഡില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. വിമര്‍ശനങ്ങളില്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ മന്ത്രിക്ക് കൃത്യമായ മറുപടി നല്‍കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. ചില വീഴ്ചകള്‍ ദേവസ്വം ബോര്‍ഡിന് മേല്‍ പഴിചാരി കയ്യടി വാങ്ങാനാണ് മന്ത്രിയുടെ ശ്രമമെന്നും വിമര്‍ശനമുണ്ട്.
Content Highlights- Devaswom Minister K Muraleedharan criticized the Travancore Devaswom Board over the shortage of Aravana and Appam at Sabarimala.