

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി വിജയത്തിന് പിന്നാലെ പണത്തിന്റെ ശക്തിയാണ് തെരഞ്ഞടുപ്പിനെ നയിച്ചതെന്ന ആരോപണവുമായി സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കെ രംഗത്ത്. എബിവിപിയുടെ പ്രചാരകര്‍ സഞ്ചരിച്ചിരുന്നത് ആഡംബര കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ നാല് കേന്ദ്ര പാനലില്‍ മൂന്നും എബിവിപിയായിരുന്നു വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ഉള്ളതുപോലെ ഇത്തവണ എബിവിപിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല എന്ന വിലയിരുത്തലുമുണ്ട്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐക്ക് ഒരു സീറ്റും വിജയിക്കാനായിട്ടില്ല.
'തിരഞ്ഞെടുപ്പുകളില്‍ പണം മാത്രമേ ഫലം കാണൂ, മറ്റൊന്നും പ്രസക്തമല്ല. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രചാരണത്തിനെത്തുന്നവര്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറുകളിലാണ് വരുന്നത്. അവര്‍ ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാറുകളിലും വരുന്നു. അതിനാല്‍ അവിടെ പണത്തിനാണ് പ്രാധാന്യം.' ദീപ്‌കെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡിയുഎസ്‌യു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദിപ്‌കെയുടെ പരാമര്‍ശം.
അമരാവതിക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ കുമുദ് ശര്‍മ്മ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള ആളാണെന്ന് തനിക്ക് വ്യക്തമായെന്നും ദീപ്‌കെ പറഞ്ഞു. അവര്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ പ്രതിഷേധിക്കുമ്പോള്‍ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ എബിവിപി ഏതെങ്കിലും കാര്യത്തെ എതിര്‍ക്കുകയോ സര്‍വകലാശാലാ ഗേറ്റ് പൂട്ടിയിടുകയോ ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ ഒരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ആ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആര്‍എസ്എസിന്റെ ശാഖയാക്കി മാറ്റാനുള്ള നീക്കമാണിതന്നാണ് സിജെപി അധ്യക്ഷന്‍ ആരോപിച്ചത്.
വിദ്യാഭ്യാസ വ്യവസ്ഥയിലുള്ള വിശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദീപ്‌കെ ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എംപിഎസ്സി ചെയര്‍മാന്‍ വിവേക് ഭിമാന്‍വാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ കുറേ ദിവസങ്ങളായി പ്രക്ഷോഭം നടത്തിവരികയാണ്. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായിരിക്കുന്നു. ഭിമാന്‍വാര്‍ രാജിവെക്കുന്നത് വരെ, പരീക്ഷകള്‍ സുതാര്യമായി നടക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. എംപിഎസ്സി ഉദ്യോഗാര്‍ത്ഥികളോടൊപ്പം ചേര്‍ന്ന് സിജെപി ഉടന്‍ തന്നെ 'ഭിമാന്‍വാര്‍ രാജിവെക്കുക' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കുമെന്ന് ദീപ്‌കെ അറിയിച്ചു. ഭിമാന്‍വാര്‍ ആരാണ്, അദ്ദേഹത്തിന്റെ 'നേട്ടങ്ങള്‍' എന്തൊക്കെയാണ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എന്താണ്, എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കേണ്ടത് എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഈ പ്രചാരണത്തിലൂടെ വിശദീകരിക്കുമെന്നും അഭിജീത്ത് ദീപ്കെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഐഐടി ബോംബെയിലെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം പരീക്ഷയില്‍ കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ആ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞു. മിഡ്-സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണും ചാറ്റ്ജിപിടിയും ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം, വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
ഐഐടി ബോംബെയിലെ ആത്മഹത്യാ സംഭവം വേദനാജനകമാണെന്നും വിദ്യാഭ്യാസ വ്യവസ്ഥയിലുള്ള വിശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നതിന്റെ ഫലമാണിതെന്നും ദീപ്‌കെ കുറ്റപ്പെടുത്തി. പിന്നാക്ക പ്രദേശങ്ങളിലും വലിയ നഗരങ്ങളിലും കുട്ടികള്‍ മരിക്കുന്നു. തങ്ങളെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് തോന്നുന്നതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടിയില്‍ പിടിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുന്നത് ന്യായീകരിക്കാനാവില്ല. അഴിമതിയുടെ പേരില്‍ പിടിക്കപ്പെട്ട ഒരു മന്ത്രിയോ, ബാങ്ക് കൊള്ളയടിച്ച് കടന്നുകളഞ്ഞ ഒരു വ്യവസായിയോ ആത്മഹത്യ ചെയ്തതായി നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇവിടെ മാനസികാരോഗ്യത്തിനായി കൗണ്‍സിലിംഗിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ആത്മഹത്യ ചെയ്യേണ്ടത്ര വലിയൊരു തെറ്റായിരുന്നില്ല അതെന്നാണ് അദ്ദേഹം പറഞ്ഞത്.
വിദര്‍ഭയിലെ തന്റെ സമീപകാല സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കവെ, അവിടുത്തെ ആദിവാസി സ്‌കൂളുകള്‍ സന്ദര്‍ശിച്ച കാര്യവും ദീപ്‌കെ പരാമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് സിജെപി നേതാവ് ആരോപിച്ചത്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് വലിയ തുക ഫണ്ടായി ലഭിക്കുന്നുണ്ട്. അടുത്തിടെ ഗഡ്ചിരോളിയില്‍ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് കിടക്കാന്‍ കിടക്കകള്‍ നല്‍കിയിട്ടില്ല. അവര്‍ ഇപ്പോഴും തറയിലാണ് ഉറങ്ങുന്നത്. പെണ്‍കുട്ടികള്‍ക്ക് തുറസ്സായ സ്ഥലത്ത് കുളിക്കേണ്ട അവസ്ഥയാണുള്ളത്, ആണ്‍കുട്ടികളുടെ ശുചിമുറിക്ക് മേല്‍ക്കൂരയോ വാതിലോ ഇല്ല. അവര്‍ മൃഗങ്ങളാണോ? എന്നും അദ്ദേഹം ചോദിച്ചു.
മാന്യമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ അധികാരത്തിലിരിക്കുന്നതെന്നായിരുന്നു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. 'ആദിവാസി സ്‌കൂള്‍ ഠീക് കരോ' (ആദിവാസി സ്‌കൂളുകള്‍ നന്നാക്കുക) എന്ന പ്രചാരണം തുടരുമെന്നും അത് രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലേക്കും താന്‍ പോകും. എന്നാല്‍ അതിനെക്കുറിച്ച് ആരും തന്നോട് ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച ദീപ്‌കെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേരുകയും, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും പിരിച്ചുവിട്ട് അവയുടെ ചിഹ്നങ്ങള്‍ മരവിപ്പിക്കുകയും വേണമെന്ന് പരിഹസിച്ചു. ഒരു പാര്‍ട്ടി മാത്രം മത്സരിക്കും, ആ പാര്‍ട്ടി തന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: CJP president Abhijeet Dipke has alleged that financial power played a major role in the Delhi University Students’ Union election and referred to campaigners travelling in luxury cars. ABVP won three of the four central panel posts, while independent candidate Deepanshu Shokeen won the vice-president post and NSUI failed to secure any of the four positions.