

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സ്വരൂപ് നഗറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. പ്രതികളിലൊരാളായ പതിനേഴുകാരന്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം ഉപദ്രവിച്ചത്. തുടര്‍ന്ന് മറ്റുള്ളവരും ഇവിടേയ്ക്ക് എത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള ഒരു വയലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലതു കൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശരീരത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം സ്ഥലത്തുകൊണ്ട് ഉപേക്ഷിച്ചതാണെന്നും മനസിലായി. മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അന്വേഷണ ഉദദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നതിനാല്‍ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു. ഏറെ അന്വേഷിച്ച ശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലോകേശ്വരന്‍, എസിഡി രവീന്ദര്‍ അഹല്‍വാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. ടെമ്പോയില്‍ എത്തിയ സംഘമാണ് മൃതദേഹം ഉപേക്ഷിച്ചുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ലെങ്കിലും തുടരന്വേഷണത്തില്‍ ടെമ്പോയുടെ ഉടമസ്ഥനെ കണ്ടെത്തി. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പതിനേഴുകാരനായ സഹോദരനാണ് വാഹനം ഉപയോഗിച്ചിരുന്നതെന്ന് അയാള്‍ പൊലീസിന് മൊഴി നല്‍കി.
വെള്ളിയാഴ്ച രാത്രി സുഹൃത്തായ പതിനാഴുകാരനെ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പതിനേഴുകാരനാണ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഉപദ്രവിച്ച വിവരം പുറത്ത് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായികുന്നു. പത്തൊന്‍പതുകാരനായ ശിവം ഗണേഷ്, പതിനേഴും പതിനാറും വയസ് പ്രായമുള്ള മൂന്ന് പേരുമാണ് കേസിലെ പ്രതികള്‍. പ്രതികള്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും സംഭവ സമയം ധരിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച പെണ്‍കുട്ടി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വരൂപ് നഗറില്‍ എത്തിയത്. ഒരു ജോലി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ജോലി കണ്ടെത്തുന്നതിനായി മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കുകയായിരുന്നു പെൺകുട്ടി.
Content Highlights- 19 Years old and three minors arrested for killed 16 years old girl in Swaroop Nagar, Delhi