

മുംബൈ: 'ഒടിപി ഫാമിംഗ്' (OTP Farming) വഴി വിദേശത്തുള്ള തട്ടിപ്പുകാര്‍ക്ക് ഇന്ത്യന്‍ വാട്സ്ആപ്പ് നമ്പറുകള്‍ നല്‍കിയിരുന്ന അന്താരാഷ്ട്ര സൈബര്‍ ക്രൈം സംഘത്തെ മുംബൈ പൊലീസ് പിടികൂടി. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്ന് 669 ആക്ടീവ് സിം കാര്‍ഡുകളും 100 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോദ് കുമാര്‍ എന്ന ബിപിന്‍, ധര്‍മേന്ദ്ര ഗുപ്ത, രാജീവ് കൂമാര്‍ ഗുപ്ത എന്നിവരാണ് പിടിയിലായത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെ വെസ്റ്റ് റീജിയണ്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഓഹരി വിപണിയിലെ നിക്ഷേപ തട്ടിപ്പുകളിലൂടെ ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിച്ച കംബോഡിയയിലെ സൈബര്‍ കുറ്റവാളികള്‍ക്ക് ഈ സംഘം സഹായം നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. 22.30 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ ഒരാളുടെ പരാതിയെത്തുടര്‍ന്നാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം പുറത്തറിഞ്ഞത്. പ്രമുഖ നിക്ഷേപ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാര്‍, ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു എന്നാണ് വിവരം.
രാജീവ് ഗുപ്ത എന്ന 'പോയിന്റ് ഓഫ് സെയില്‍'ഏജന്റ്, കുറ്റകൃത്യവുമായി ബന്ധമില്ലാത്ത വ്യക്തികളുടെ രേഖകള്‍ ഉപയോഗിച്ച് അവരുടെ അറിവില്ലാതെ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ വ്യവസ്ഥയില്‍ ധര്‍മേന്ദ്ര ഗുപ്ത വഴി ഈ കാര്‍ഡുകള്‍ പ്രമോദ് കുമാറിന് കൈമാറുകയും ചെയ്തു. പിന്നാലെ 'ഒടിപി ഫാമിംഗ്' പ്രവര്‍ത്തനം നടത്തുന്നതിനായി പ്രമോദ് സിമ്മുകള്‍ സാധാരണ കീപാഡ് ഹാന്‍ഡ്സെറ്റുകളില്‍ ഇന്‍സേര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കായി ജനറേറ്റ് ചെയ്ത വെരിഫിക്കേഷന്‍ ഒടിപികള്‍, ക്രിപ്റ്റോകറന്‍സിയില്‍ ഒരു ഒടിപിക്ക് 13 യുഎസ് ഡോളറിന് ടെലിഗ്രാം വഴി കംബോഡിയ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാര്‍ക്ക് വിറ്റതായാണ് പൊലീസ് പറയുന്നത്.
വിദേശ ഹാന്‍ഡ്ലര്‍മാര്‍ പിന്നീട് ഈ ഇന്ത്യന്‍ വാട്ട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് സാധ്യതയുള്ള ഇരകളെ ലക്ഷ്യം വച്ചതായാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം വാടകയ്ക്കെടുത്ത മ്യൂള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് രീതി. 91 കീപാഡ് ഫോണുകള്‍, ഒമ്പത് സ്മാര്‍ട്ട്ഫോണുകള്‍, 669 സജീവ സിം കാര്‍ഡുകള്‍, ഒരു സിപിയു, ഒരു വൈ-ഫൈ റൂട്ടര്‍, ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, മറ്റ് ആക്സസറികള്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നെറ്റ്വര്‍ക്കിലെ മറ്റ് ലിങ്കുകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ ഇരകളെ തിരിച്ചറിയുന്നതിനും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Content Highlights: Mumbai Police have arrested three people allegedly involved in an international cyber crime network that supplied Indian WhatsApp numbers to overseas fraudsters through OTP farming. The West Region of the Mumbai Crime Branch conducted the investigation, leading to the arrests of Pramod Kumar alias Bipin, Dharmendra Gupta and Rajiv Kumar Gupta. Police seized 669 active SIM cards and 100 mobile phones from the accused.