

ലഖ്‌നൗ: ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി സഞ്ചരിച്ച ആംബുലന്‍സ് ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് കുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് കേടായത്. നിരവധി തവണ ശ്രമിച്ചിട്ടും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിൾ അജയ് യാദവ് കുഞ്ഞിനെ ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്തിന് കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മണിക്പൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് 108 ആംബുലന്‍സില്‍ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും ട്രാഫിക്ക് പൊലീസും ചേര്‍ന്ന് വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതോടെ സംസ്ഥാനത്തെ ആംബുലന്‍സ് സര്‍വീസുകള്‍ക്കെതിരെയും ആരോഗ്യവകുപ്പ് സംവിധാനങ്ങള്‍ക്കെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. 102, 108 ആംബുലന്‍സ് സര്‍വീസിന്റെ ഉത്തരവാദിത്തമുള്ള ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് സംഭവത്തില്‍ അഡിഷ്ണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകള്‍ നടത്തണമെന്നതടക്കം കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: An ambulance carrying a newborn baby broke down in Uttar Pradesh while the child was being taken to hospital. A police officer then transported the newborn and accompanying family member to the hospital on a motorcycle, helping ensure the baby reached the medical facility