

ന്യൂഡല്‍ഹി: ഭരണകൂട ഇടപെടല്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണ'ത്തിലെന്ന് അന്താരാഷ്ട്ര ഗവേഷക കൂട്ടായ്മയുടെ റിപ്പോര്‍ട്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോളേഴ്സ് അറ്റ് റിസ്‌ക് (എസ്എആര്‍) എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ 'ഫ്രീ ടു തിങ്ക് 2026' എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ അക്കാദമിക് സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമായി പറയുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി ലോകമെമ്പാടുമുള്ള ഗവേഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ശൃംഖലയാണിത്.
179 രാജ്യങ്ങളെ വിലയിരുത്തിയതില്‍ 50 എണ്ണത്തിൽ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അക്കാദമിക സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2026-ലെ അക്കാദമിക സ്വാതന്ത്ര്യസൂചികയില്‍ 'കടുത്ത നിയന്ത്രണമുള്ള' വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍, ഹോങ്കോങ്, ഇന്തൊനീഷ്യ, വെസ്റ്റ്ബാങ്ക്, യുക്രെയ്ൻ എന്നിവിടങ്ങളാണ് ഇന്ത്യക്കൊപ്പം ആ വിഭാഗത്തിലുള്ളത്. ഒട്ടുംതന്നെ ഗവേഷക സ്വാതന്ത്ര്യമില്ലാത്ത 'പൂര്‍ണമായി നിയന്ത്രണ മുള്ള' വിഭാഗത്തില്‍ ചൈനയും റഷ്യയുമടക്കം ഒന്‍പത് രാജ്യങ്ങളുണ്ട്. അഫ്ഗാനിസ്താന്‍, ഇറാന്‍, തുര്‍ക്കി, സിറിയ, വെനസ്വേല, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളും പൂര്‍ണനിയന്ത്രണമുള്ള വിഭാഗത്തില്‍വരുന്നു.
ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പലവിധത്തില്‍ കൈകടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലകളുടെ ഭരണവും നിയമനങ്ങളും അക്കാദമിക് മുന്‍ഗണനകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. യുജിസിയെ അതിന് പ്രധാന ആയുധമാക്കുകയാണ്. കാമ്പസുകളിലെ പരിപാടികള്‍ റദ്ദാക്കിയും വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ വിലക്കിയും അധ്യാപകരെ പിരിച്ചുവിട്ടും ഭരണകൂടത്തിനെതിരായ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന രീതിയുമുണ്ട്. ക്യാമ്പസുകളിലെ വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനം പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയപ്പാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തിക്കൊണ്ടുള്ളതാണെന്നും പലപ്പോഴും സംഘര്‍ഷങ്ങളുണ്ടാകുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കോളേജുകളിലേതടക്കം ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം സ്ത്രീ-പുരുഷ സമത്വത്തിലും ഇന്ത്യ 131-ാം സ്ഥാനത്താണ്. ആഗോള ലിംഗ അന്തര സൂചിക (ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സ്)-ല്‍ ഇന്ത്യ 131-ാം സ്ഥാനത്ത് തുടരുന്നു. ലോക സാമ്പത്തികഫോറം പുറത്തുവിട്ട കണക്കില്‍, 145 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 131-ാമതായത്. ഐസ്ലന്‍ഡാണ് ഒന്നാമത്. ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവ യഥാക്രമം രണ്ടും മൂന്നു സ്ഥാനങ്ങളിലുണ്ട്. ചാഢ്, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍. ലിംഗ അന്തരസൂചികയില്‍ ഇന്ത്യയുടെ സ്കോർ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അല്‍പ്പം മെച്ചപ്പെട്ടെങ്കിലും റാങ്കില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷവും 131-ാമതായിരുന്നു. വിദ്യാഭ്യാസരംഗത്താണ് രാജ്യം കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയത്.
ആഗോളാടിസ്ഥാനത്തില്‍ സ്ത്രീ -പുരുഷ സമത്വത്തിലെ അന്തരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 0.4ശതമാനം ഉയര്‍ന്ന് 69.2 -ലെത്തി. ഇന്ത്യയിലിത് 64.5 ശതമാനമാണ്. ഈ കണക്ക് 100 ശതമാനത്തിലെത്തുമ്പോഴാണ് ലിംഗസമത്വം പൂര്‍ണമാകുന്നത്. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ പൂര്‍ണ ലിംഗസമത്വത്തിലെത്താന്‍ 120 വര്‍ഷംകൂടി വേണ്ടിവരുമെന്നും വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2006-ല്‍ ഈ കണക്കെടുപ്പു തുടങ്ങിയശേഷം ഇതുവരെ ഇന്ത്യയുടെ സ്റ്റോര്‍ 4.3 ശതമാനം ഉയര്‍ന്നു.
Content Highlights: The Scholars at Risk (SAR) international network's 'Free to Think 2026' report places India in the category of countries facing severe restrictions on academic freedom. The report assessed 179 countries and found that academic freedom had declined in 50 countries over the past decade. India is grouped alongside Pakistan, Hong Kong, Indonesia, the West Bank and Ukraine, while China, Russia and several other countries are placed in the most restrictive category.