

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുമേല്‍ വീണ്ടും അമേരിക്കയുടെ തീരുവപ്രഹരം വരുന്നു. റഷ്യ ഉപരോധ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയതിനു പിന്നാലെയാണ് തീരുവപ്രഹരം. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% ഇറക്കുമതി തീരുവ ചുമത്തുന്നതാണ് പുതിയ ബില്ല്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ധിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, തുര്‍ക്കി, അസര്‍ബൈജാന്‍, ഹങ്കറി, സ്ലൊവാക്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കാണ് തീരുവ ഭീഷണി.
ബില്ല് പാസായതോടെ ഇനി ട്രംപിന്റെ പരിഗണനയ്ക്ക് പോകും. ട്രംപ് ബില്ലില്‍ ഒപ്പുവെക്കുന്നതോടെ നിയമാനുസൃതമാവും. ബില്ലിന് സാധുതയാവുന്നതോടെ ഇന്ത്യയ്ക്ക് കനത്ത പ്രത്യാഘാതത്തിന് സാധ്യതയുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് ഇക്കാര്യത്തില്‍ പ്രധാനമാണ്. അധിക താരിഫ് ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ വ്യാപാരികളും കര്‍ഷകരും കടുത്ത തിരിച്ചടി നേരിടുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പുതിയ ബില്ലിനാകും. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ വാങ്ങല്‍ രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്നു. റഷ്യയുടെ ഊര്‍ജ വരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് തീരുവ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം. റഷ്യന്‍ എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വാങ്ങലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്കും ഇളവ് ലഭിക്കും.
റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും എതിരായ ഉപരോധങ്ങളാണ് പ്രധാനമായും ബില്ലിലുള്ളത്. ഇറാനെതിരായ നിലവിലെ ഉപരോധങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ക്കിടയിലും റഷ്യന്‍ ഊര്‍ജ കയറ്റുമതി തുടരാന്‍ സഹായിക്കുന്ന റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' എന്നറിയപ്പെടുന്ന കപ്പല്‍ ശൃംഖലയെയും ബില്ല് ലക്ഷ്യമിടുന്നു. റഷ്യന്‍ ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കയറ്റുമതി സമ്മര്‍ദ്ദ ഉപാധിയായി ഉപയോഗിക്കുകയാണ് തീരുവ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും ചൈനയും ഈ നടപടിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്ന് ബില്‍ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് പലതവണ വിമര്‍ശിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധത്തിന് മോസ്‌കോയ്ക്ക് ധനസഹായം ലഭിക്കുന്നതിന് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ സഹായിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ബില്‍ നിയമമാകുകയും തുടര്‍ന്ന് ട്രംപ് ഈ അധികാരം ഉപയോഗിക്കുകയും ചെയ്താല്‍, റഷ്യയില്‍ നിന്നുള്ള വാങ്ങലുകളുടെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ പ്രവേശിക്കുമ്പോള്‍ അധിക ചെലവ് ചുമത്തും.
Content Highlights: US Tariff Threat Looms Over India as Washington Targets Russian Oil Purchases