

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത. 2024ല്‍ ഇ ഡി രേഖപ്പെടുത്തിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്തയ്ക്ക് വേണ്ടി സഹോദരന്‍ ആണ് 2024 മെയ് മാസത്തിൽ സത്യവാങ്മൂലം നല്‍കിയത്. പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ആശുപത്രിക്കിടക്കയില്‍ വെച്ച് ചോദ്യം ചെയ്തുവെന്നും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെന്നുമാണ് ആരോപണം.
ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്നും തന്നെ ഇ ഡി മാനസികമായി പീഡിപ്പിച്ചുവെന്നും ശശിധരന്‍ കര്‍ത്ത ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് വീണ ടിയ്ക്ക് പണി നല്‍കിയതെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി.
2024 മെയ് 15നാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 2024 ഏപ്രില്‍ മാസത്തിലായിരുന്നു ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ശശിധരന്‍ കര്‍ത്തയ്ക്ക് ഇ ഡി നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്. തുടര്‍ന്ന് ഇ ഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഈ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടണ് ശശിധരന്‍ കര്‍ത്ത പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയത്.
സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാര്‍ എന്നിവരും മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2024 മെയ് 15നാണ് പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയത്.
Content Highlights: CMRL MD Shashidharan Kartha has sought to withdraw the statement recorded by the Enforcement Directorate in 2024 in the CMR-L–Exalogic financial transaction case