ഡല്‍ഹിയിലെ സുരക്ഷയില്ലാത്ത ഹോസ്റ്റലുകള്‍; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മുമ്പ് പൂട്ടാന്‍ ശുപാര്‍ശ നല്‍കിയ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷമാണ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ ആരംഭിച്ചത്.

ഡല്‍ഹിയിലെ സുരക്ഷയില്ലാത്ത ഹോസ്റ്റലുകള്‍; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിട ഉടമ അനധികൃതമായി കൂടുതല്‍ നിലകള്‍ കെട്ടി ഉയര്‍ത്തിയതാണ് അപകട കാരണം എന്ന് കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മുമ്പ് പൂട്ടാന്‍ ശുപാര്‍ശ നല്‍കിയ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷമാണ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ ആരംഭിച്ചത്.

സംഭവത്തില്‍ കടുത്ത നിയമലംഘനവും അഴിമതിയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി സൗത്ത് സോണ്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാകേഷ് കുമാര്‍, സൂപ്രണ്ട് എന്‍ജിനീയര്‍ രണ്‍വീര്‍ സിങ്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ലളിത് കുമാര്‍ ഗോയല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ ചൗഹാന്‍, ജൂനിയര്‍ എന്‍ജിനീയര്‍ ആശിഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അതേസമയം, അപകടത്തിലെ മരണ സംഖ്യ മറച്ചു വെക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐ രംഗത്ത് വന്നു. ആശുപത്രിയില്‍ 11 മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഏഴ് മരണം ആണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നതെന്നും എന്‍എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാഖര്‍ ആരോപിച്ചു. അപകടത്തിന്റെ തീവ്രത കുറച്ചുകാണിക്കാന്‍ മരണങ്ങള്‍ മറയ്ക്കുന്നതാണെന്നുമാണ് ആരോപണം.

കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിക്കുന്നതിന് നിര്‍ദേശം നല്‍കിയ കെട്ടിടമാണ് തകര്‍ന്നു വീണത്. ഇത് ഡല്‍ഹിയിലെ പല കെട്ടിടങ്ങളുടേയും അവസ്ഥയാണ്. ഡല്‍ഹിയിലെ പലയിടത്തും 30-50 വര്‍ഷങ്ങള്‍ പഴക്കമുള്ള പൊളിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു ബെഡ് സ്‌പേസിന് മാത്രം 20,000 രൂപ വരെയാണ് കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കുന്നത്. പല കെട്ടിടങ്ങളും അനധികൃതമായി നിരവധി നിലകള്‍ കെട്ടിപ്പൊക്കിയ അവസ്ഥയിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പല കെട്ടിടങ്ങളും തൂണുകളോ ഭീമുകളോ ഇല്ലാതെ ഇഷ്ടികകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ നിലയിലുമാണ്.

ഡല്‍ഹിയിലെ കോളേജുകളില്‍ മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ കുട്ടികള്‍ മറ്റ് പേയിങ് ഗസ്റ്റ് സംവിധാനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇവയില്‍ 90 ശതമാനവും മതിയായ സുരക്ഷയില്ലാതെയാണ് പണിതിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Content Highlights: More officials are likely to face action after the Delhi hostel collapse that killed seven people, as illegal construction, alleged corruption and unsafe student accommodations come under scrutiny

dot image
To advertise here,contact us
dot image