

ന്യൂഡല്‍ഹി: സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണം എത്താതെ വന്നതോടെ ഡെലിവറി ബോയ്‌യുടെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് യുവാവ്. എന്നാല്‍ ലൊക്കേഷനിലെത്തിയപ്പോള്‍ യുവാവ് കണ്ടത് ഭക്ഷണം രണ്ട് പേർ കഴിക്കുന്നതായിരുന്നു. ഡൽഹി സ്വദേശിയായ റിഷഭ് കൗശിക്കാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടെ റിഷഭ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വിഷയം ചര്‍ച്ചയായി.
രാത്രി 10.58ന് സൊമാറ്റോ വഴി ഖഡക് സിങ് കാ ധാബയില്‍ നിന്ന് താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതായി റിഷഭ് പറയുന്നു. ഡെലിവറി പങ്കാളി സമീപത്തുള്ളതായി ആദ്യം അറിയിച്ചെങ്കിലും ഭക്ഷണം എത്താതായതോടെ റിഷഭ് ഡെലിവറി റൈഡറുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയായിരുന്നു. ഏകദേശം 40 മിനിറ്റോളം ഡെലിവറി പങ്കാളിയുടെ ഐക്കണ്‍ ഒരേ സ്ഥലത്ത് തുടരുന്നതായി കണ്ടതിനെ തുടര്‍ന്ന് റിഷഭ് ലൊക്കേഷന്‍ പരിശോധിക്കാന്‍ നേരിട്ട് പോവുകയായിരുന്നു. അവിടെ താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം രണ്ട് പേര്‍ കഴിക്കുന്നത് കണ്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചത്.
തന്റെ ഓര്‍ഡര്‍ 100 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റതായി റിഷഭ് ആരോപിച്ചു. സംഭവത്തില്‍ സൊമാറ്റോയുടെ കസ്റ്റമര്‍ സര്‍വീസിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പരാതി പരിഹരിക്കുന്നതില്‍ അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ ട്രാക്ക് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ചിത്രങ്ങളും റിഷഭ് പങ്കുവെച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ സൊമാറ്റോ കെയര്‍ ഓര്‍ഡര്‍ ഐഡി ആവശ്യപ്പെടുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി. വൈകിയുള്ള ഭക്ഷണ ഡെലിവറികളുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളും നിരവധി പേര്‍ പങ്കുവെച്ചു. രാത്രി വൈകിയുള്ള ഓര്‍ഡറുകള്‍ക്ക് സാധ്യമെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഡെലിവറി പങ്കാളിക്ക് ഭക്ഷണം കൈക്കലാക്കാന്‍ സാധിച്ചാല്‍ അത് ഉപഭോക്താക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുമെന്നും ചിലര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച ആരോപണത്തില്‍ സൊമാറ്റോയുടെ അന്വേഷണവും തുടര്‍നടപടികളും നിര്‍ണായകമാകും.
Content Highlights: Delhi Zomato customer Rishabh Kaushik claims he found two people eating his ordered food after tracking the delivery partner’s location when his order was delayed for nearly 40 minutes