

ഹൈദരാബാദ്: ഹജ്ജ് തീർത്ഥാടനത്തിനായി യാത്രതിരിക്കാനിരുന്ന ദമ്പതികൾ ബസിൽ അബദ്ധത്തിൽ മറന്നുവെച്ച മൂന്ന് ലക്ഷം രൂപ അടങ്ങിയ പണം തിരികെ നൽകി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (TGSRTC) കണ്ടക്ടർ മാതൃകയായി. സെപ്റ്റംബർ 5 ശനിയാഴ്ചയാണ് സംഭവം നടന്നത്. ഷാദ്‌നഗർ സ്വദേശിയായ വ്യവസായി ജഹാംഗീർ ഭാര്യയ്ക്കൊപ്പം ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഹജ്ജ് തീർത്ഥാടനത്തിനായി യാത്രതിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന ദമ്പതികളുടെ കൈവശം മൂന്ന് ലക്ഷം രൂപയുണ്ടായിരുന്നു. യാത്രയ്ക്കിടെ അഫ്‌സല്‍ഗുനി എത്തിയപ്പോൾ ഇരുവരും ബസില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് ഇവര്‍ നമ്പള്ളിയിലേക്ക് പോയി. ഈ സമയത്താണ് പണം ബസില്‍ വച്ച് മറന്നതായി ഇവർ മനസിലാക്കിയത്. തുടർന്ന് ദമ്പതികൾ പെട്ടെന്ന് തന്നെ ബസ് സ്റ്റാന്‍ഡിലേക്ക് തിരികെ എത്തുകയായിരുന്നു.
ഇതിനിടെ പണം അടങ്ങിയ ബാഗ് ബസിൽ കണ്ടെത്തിയ കണ്ടക്ടർ അത് സുരക്ഷിതമായി സൂക്ഷിക്കുകയും യഥാർഥ ഉടമയ്ക്ക് കൈമാറുകയും ചെയ്തു.സംഭവം പുറത്തറിഞ്ഞതോടെ ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ കണ്ടക്ടര്‍ സരിതയെ പ്രശംസിച്ച് ഒരു പോസ്റ്റും എക്‌സില്‍ പങ്കുവച്ചു.
പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും ജോലി ചെയ്യുന്നത് അംഗീകരിക്കേണ്ട കാര്യമാണ്. ആര്‍ടിസി ജീവനക്കാര്‍ പൊതുജനത്തെ ദൈന്യംദിനം സേവിക്കുന്നത് സഹാനുഭൂതിയോടെയാണ്. സംഘടനയ്ക്ക് ഇത്തരം ജീവനക്കാരുടെ വിശ്വാസ്യത ഉണ്ടാകുന്ന മതിപ്പ് വലുതാണ്. സ്വാര്‍ത്ഥതയില്ലാതെ യാത്രികന് അദ്ദേഹത്തിന്റെ പണം തിരികെ നല്‍കിയ സരിതയെ അഭിനന്ദിക്കുന്നുവെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ മന്ത്രി പറഞ്ഞു.
Content Highlights: A TGSRTC conductor returned Rs 3 lakh in cash accidentally left on a bus by a couple preparing for their Hajj pilgrimage in Hyderabad.