

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ പിജി ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാന്‍ശുവിനെയാണ് പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഇയാളുടെ ഭാര്യ ഊര്‍മിള, മകന്‍ മഹേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഊര്‍മിളയുടെ പേരിലും വൈദ്യുതി കണക്ഷന്‍ ഹരിറാമിന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാല ദക്ഷിണ ക്യാമ്പസിന് സമീപത്ത് സ്ഥിതിചെയ്തിരുന്ന ആണ്‍കുട്ടികളുടെ പിജി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തകര്‍ന്ന് വീണത്. തിങ്കളാഴ്ച വൈകുന്നേരം വരെ 27 മണിക്കൂറോളമുള്ള തെരച്ചിലുകള്‍ക്ക് ഒടുവിലാണ് രക്ഷാപ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിച്ചത്. 12ഓളം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും രക്ഷപ്പെടുത്തിയപ്പോള്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കെട്ടിടം തകരുന്നതിന് മുമ്പ് നടന്ന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ശക്തമായ മഴയില്‍ വെള്ളം കെട്ടിനിന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ടാണ് കെട്ടിടം നിര്‍മിച്ചതെന്ന് എംസിഡി കണ്ടെത്തിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സൂപ്രണ്ട് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അഞ്ച് നില കെട്ടിടങ്ങള്‍ സീല്‍ ചെയ്യണമെന്നും പിജി താമസസൗകര്യം ലഭ്യമാകുന്ന കെട്ടിടങ്ങളില്‍ അടിയന്തര പരിശോധന വേണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Delhi Police have arrested PG operator Sudhanshu in connection with the Satya Niketan building collapse. The five-storey building, which housed a boys’ PG, collapsed on Sunday, killing seven people. Police had earlier arrested the alleged owner Hariram Gupta, his wife Urmila and son Mahesh. The investigation is continuing, including scrutiny of renovation work at the property