മുംബൈയില്‍ തുരങ്കപാതയിലൂടെ BMW - ലംബോര്‍ഗിനി കാറുകളുടെ മത്സരയോട്ടം; ആറ് പേർക്കെതിരെ കേസ്

അശ്രദ്ധമായി വാഹനമോടിക്കുക, ജീവന് ഭീഷണിയുണ്ടാക്കുക എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

മുംബൈയില്‍ തുരങ്കപാതയിലൂടെ BMW - ലംബോര്‍ഗിനി കാറുകളുടെ മത്സരയോട്ടം; ആറ് പേർക്കെതിരെ കേസ്
dot image

മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതോടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മറൈന്‍ ഡ്രൈവിന് സമീപം തീരദേശ റോഡില്‍ സെപ്റ്റംബർ മൂന്നിന് രാത്രി 11.15നാണ് മത്സരയോട്ടം നടന്നത്. മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 281, 125 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കുക, ജീവന് ഭീഷണിയുണ്ടാക്കുക എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് നിവൃതി സാംഗലെയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആറോളം കാറുകളാണ് തുരങ്കപാതയിലൂടെ നിയമം ലംഘിച്ച് അമിതവേഗതയില്‍ ചീറിപ്പാഞ്ഞത്. ഇതില്‍ കറുത്ത നിറത്തിലുള്ള ലംബോര്‍ഗിനി, മഞ്ഞനിറത്തിലുള്ള BMW M2, ചുവന്ന നിറത്തിലുള്ള BMW Z4, ഫോക്‌സ്‌വാഗണ്‍ വിര്‍ച്വസ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുക്കും. മുംബൈയില്‍ സ്ട്രീറ്റ് റേസിങ്ങിന് അനുമതിയില്ല.

ഈ വര്‍ഷമാദ്യം ബെംഗളുരുവില്‍ അശ്രദ്ധമായി ഇത്തരത്തില്‍ ഡ്രൈവ് ചെയ്തതിന് ഒരു ഗ്രീന്‍ ലംബോര്‍ഗിനി അവന്റേറ്റര്‍ എസ് വിജെയ്‌ക്കെതിരെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബെംഗളുരു ട്രാഫിക്ക് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മറ്റൊരു മോട്ടോറിസ്റ്റിന്റെ ഡാഷ്കാമില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. റോഡിലെ ഒരു വരിയില്‍ നിന്നും മറ്റൊരു വരിയിലേക്ക് അലക്ഷ്യമായി ലംബോർഗിനി ഓടിച്ച് കയറ്റുന്നതും മറ്റുവാഹനങ്ങളെ മറികടക്കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

Content highlights: Around half a dozen drivers have been booked in Mumbai over an alleged race involving BMW and Lamborghini cars through a tunnel

dot image
To advertise here,contact us
dot image