

വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്ത് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പക്ഷങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളാണ് പരസ്യ പ്രതിജ്ഞ എടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനം വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ഇന്ന് പരിപാടി സമാപിക്കുന്ന വേളയിലാണ് 'ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ഷന്‍', 'സേക്രഡ് ആക്ട്‌സ്' എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തെ അതിസമ്പന്നര്‍ക്കും അവരുടെ തീവ്രവാദപരമായ അജണ്ടകള്‍ക്കും പണം നല്‍കി വിലയ്‌ക്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങള്‍ ഇത്തരം ഒരു പ്രതിജ്ഞ എടുത്തതെന്നാണ് സേക്രഡ് ആക്ട്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുഷ്‌കര്‍ ശര്‍മ്മ പറഞ്ഞത്.
അഹിംസാ പ്രതിജ്ഞയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമായി മൂന്ന് പ്രധാന പ്രതിജ്ഞാബദ്ധതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ അക്രമവും ഭീഷണിപ്പെടുത്തലും ഉപേക്ഷിക്കുക, ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്‍എസ്എസ് സംഘടനയുമായോ അതിന്റെ അനുബന്ധ സംഘടനകളുമായോ ബന്ധപ്പെട്ട സംഭാവനകള്‍ സ്വീകരിക്കാതിരിക്കുക, അത്തരം സംഭാവനകള്‍ തിരികെ നല്‍കുകയോ ജനാധിപത്യ അനുകൂല സംഘടനകള്‍ക്ക് കൈമാറുകയോ ചെയ്യുക എന്നിവയാണ് പ്രതിജ്ഞകള്‍.
ദക്ഷിണേഷ്യന്‍, ഹിന്ദു-അമേരിക്കന്‍ സമൂഹങ്ങളെക്കുറിച്ച് ആര്‍എസ്എസ് നടത്തുന്ന തെറ്റായ ചിത്രീകരണങ്ങള്‍ക്കെതിരായ 'ചരിത്രപരമായ തിരിച്ചടി' എന്നാണ് രാഷ്ട്രീയ നേതാക്കളുടെ നടപടിയെ 'ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ഷന്‍' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിയ ചക്രബര്‍ത്തി വിശേഷിപ്പിച്ചത്. എട്ട് സംസ്ഥാനങ്ങളിലായി ഫെഡറല്‍, സംസ്ഥാന, പ്രാദേശിക/മുനിസിപ്പല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥികളും ഈ പ്രതിജ്ഞയില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.
ആര്‍എസ്എസുമായി ബന്ധമുള്ളതും 'പ്രോ-മാഗ' നിലപാടുള്ളതുമായ ഒരു ശതകോടീശ്വരനില്‍ നിന്നാണ് തനിക്ക് 6,600 ഡോളര്‍ സംഭാവന ലഭിച്ചതെന്ന് അടുത്തിടെ മനസ്സിലാക്കിയെന്നും, ആ തുക സംഭാവനയായി നല്‍കി ഒഴിവാക്കുമെന്നും ജനപ്രതിനിധി റോ ഖന്ന പറഞ്ഞു. ആര്‍എസ്എസിനെയും, ആഗോള ജനാധിപത്യത്തിന് മേല്‍ ആ സംഘടന നടത്തുന്ന ആക്രമണങ്ങളെയും എതിര്‍ക്കാനുള്ള പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കുന്നതിലും അതിനോടുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നതിലും അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂയോര്‍ക്കിലെ പത്താം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബ്രാഡ് ലാന്‍ഡര്‍, ആര്‍എസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകള്‍ നിരസിക്കുകയും പ്രതിജ്ഞയില്‍ പങ്കുചേരുകയും ചെയ്യുന്നതിനൊപ്പം, 'രാജ്യത്തിനകത്തും പുറത്തും' മതപരമായ വിഭജനം, അക്രമം, തീവ്രവാദം എന്നിവയെ അമേരിക്കക്കാര്‍ തള്ളിക്കളയണമെന്നും പറഞ്ഞു. ഭാഗവത് പങ്കെടുത്ത പരിപാടിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്കൊപ്പം ലാന്‍ഡറും ചേര്‍ന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. യുഎസിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായാലും ഇന്ത്യയിലെ ആര്‍എസ്എസ് ആയാലും, ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന വലതുപക്ഷ സംഘടനകളെ തള്ളിക്കളയണമെന്ന് ജനപ്രതിനിധി പ്രമീള ജയപാലും അഭിപ്രായപ്പെട്ടതായി വിവരമുണ്ട്.
ഭാഗവതിന്റെ യുഎസ് സന്ദര്‍ശനത്തിനെതിരെ ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള വിവിധ ഗ്രൂപ്പുകളും സംഘടനകളും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം' ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്കില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് ഭാഗവത് സംസാരിച്ച വേദിക്ക് പുറത്തും പ്രതിഷേധങ്ങള്‍ നടന്നു. ആര്‍എസ്എസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ്സിഐആര്‍എഫ് ആവശ്യപ്പെട്ടപ്പോള്‍, സംഘടനയുടെ ആശയഗതിയെ എതിര്‍ക്കുന്നുണ്ടെങ്കിലും ഭാഗവതിന്റെ സന്ദര്‍ശനം തടയാന്‍ താന്‍ മുതിര്‍ന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ ആര്‍എസ്എസിന്റെ 'ഹിന്ദുത്വ' ആശയധാരയുമായി ചേര്‍ന്നുനില്‍ക്കുന്നതും മതന്യൂനപക്ഷ വിഭാഗങ്ങളോട് അടിസ്ഥാനപരമായി വിവേചനം കാണിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യയെ ഇക്കാര്യത്തില്‍ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുഎസ്സിഐആര്‍എഫിന്റെ സമീപകാല പ്രസ്താവനയും ഈ സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയെ ഉത്തരവാദിത്തം ബോധ്യപ്പെടുത്താനും അതുവഴി രാജ്യത്തെ മതസ്വാതന്ത്ര്യത്തിനുള്ള പിന്തുണ വ്യക്തമാക്കാനും യുഎസ് സര്‍ക്കാരിന് അവസരമുണ്ടെന്ന് യുഎസ്സിഐആര്‍എഫ് വൈസ് ചെയര്‍ സീസെ ഹെയ്ല്‍ പറഞ്ഞു. അത്തരം നടപടികളില്ലെങ്കില്‍ മതസ്വാതന്ത്ര്യ സാഹചര്യം കൂടുതല്‍ വഷളായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
2019ല്‍ സ്റ്റീവ് ബാനനെ സഹ-ചെയര്‍മാനായി നിയമിച്ച 'റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലിഷന്‍' ഉള്‍പ്പെടെ, അമേരിക്കയിലെ 113 സംഘടനകളുമായി ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിലെ 'സയന്‍സസ് പോ പാരീസി'ന്റെ ഗവേഷണ വിവരങ്ങളും ഈ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 21 സംഘടനകള്‍ക്കെതിരെ കാനഡയിലെ മനുഷ്യാവകാശ സംഘടനയായ 'ജസ്റ്റ് പീസ് അഡ്വക്കേറ്റ്‌സ്', 'കാനഡ റവന്യൂ ഏജന്‍സി'ക്ക് പരാതി നല്‍കി. തങ്ങള്‍ അവകാശപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തന പദവിക്ക് അനുസൃതമാണോ ഇവയുടെ പ്രവര്‍ത്തനങ്ങളെന്ന് പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
'ഹിന്ദു സ്വയംസേവക് സംഘ് കാനഡ', 'ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് കാനഡ', 'വിശ്വഹിന്ദു പരിഷത്ത് ഓഫ് ഒന്റാറിയോ', 'സേവ കാനഡ ഇന്റര്‍നാഷണല്‍ എയ്ഡ് ഇന്‍ക്.' തുടങ്ങിയ സംഘടനകളുടെ പേരുകള്‍ ഈ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'സയന്‍സസ് പോ'യുടെ അതേ വിവരശേഖരത്തെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ പരാതി നല്‍കിയതെന്ന് ജെപിഎ വ്യക്തമാക്കി. കാനഡയിലെ ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ തമ്മില്‍ ഏകദേശം 46 ദശലക്ഷം ഡോളറിന്റെയും, അവയില്‍ നിന്ന് വിദേശത്തുള്ള ആര്‍എസ്എസ് ബന്ധമുള്ള ഗ്രൂപ്പുകളിലേക്ക് 21.5 ദശലക്ഷം ഡോളറിന്റെയും കൈമാറ്റം നടന്നതായി ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlights: Around 90 US political leaders from Democratic and Republican circles have publicly pledged not to accept political funding linked to the RSS. The announcement came amid opposition to RSS chief Mohan Bhagwat’s visit to the United States. The participating organisations said the pledge was intended to protect American democracy from wealthy interests and ideological agendas.