'ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സിപിഐ മൗനം പാലിക്കില്ല': കടുപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ

സിപിഐ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും സാഹചര്യം മനസ്സിലാക്കി ഇടത് പാര്‍ട്ടികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

'ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സിപിഐ മൗനം പാലിക്കില്ല': കടുപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയത്തില്‍ കടുപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സിപിഐയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മൗനം പാലിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും സാഹചര്യം മനസ്സിലാക്കി ഇടത് പാര്‍ട്ടികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഡി രാജ വ്യക്തമാക്കി. ആവശ്യമെങ്കില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നേരത്തെയും ഡി രാജ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവ് ആണ് പിണറായി വിജയന്‍ എന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും ഡി രാജ വിമര്‍ശിച്ചു. സിപിഐയുടേത് വളരെ ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ പിണറായി വിജയനോട് പറയണമെന്നും ഡി രാജ പറഞ്ഞിരുന്നു.

Also Read:

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎമ്മിനാണെന്നും ഉപനേതാവിന്റെ പേരുള്ള കത്ത് സ്പീക്കര്‍ക്ക് വൈകാതെ കൈമാറുമെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പിന്നാലെ അത്തരമൊരു പ്രസ്താവന പിണറായി വിജയന്‍ നടത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞതോടെ മുന്നണിയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

Content Highlights: CPI General Secretary D Raja on the Issue of Opposition Deputy Leader Post

dot image
To advertise here,contact us
dot image