ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; അയോധ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അയോധ്യ രാമക്ഷേത്ര കൊള്ള തന്നെയെന്ന് സൂചന നല്‍കുന്നതാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; അയോധ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി അഖിലേഷ് യാദവ്
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ അയോധ്യ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഇത്. മുതിര്‍ന്ന നേതാവ് പവന്‍ പാണ്ഡെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ആകും. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അയോധ്യ രാമക്ഷേത്ര കൊള്ള തന്നെയെന്ന് സൂചന നല്‍കുന്നതാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

ലഖ്നൗവില്‍ നടന്ന പാര്‍ട്ടി ബ്രാഹ്‌മണ സമ്മേളനത്തിലാണ് അയോധ്യയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അഖിലേഷ്, മണ്ഡലം തിരികെ പിടിക്കാനാകുമെന്ന വിശ്വാസമാണ് പങ്കുവെച്ചത്. 2012ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ലല്ലു സിംഗിനെ അയോധ്യയില്‍ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച നേതാവാണ് പവന്‍ പാണ്ഡെ. 2017ലും 2022 ലും പവന്‍ പാണ്ഡെ ബിജെപിയുടെ വേദ പ്രകാശ് ഗുപ്തയോട് പരാജയപ്പെട്ടിരുന്നു.

തുറന്ന് ഇടപെടുന്ന ശൈലികൊണ്ടും സാധാരണക്കാരുമായുള്ള അടുത്ത ബന്ധം കൊണ്ടും ശ്രദ്ധേയനായ പവന്‍ പാണ്ഡെ മൂന്ന് പതിറ്റാണ്ടോളമായി സോഷ്യലിസ്റ്റ് രാഷ്ട്രീയ പാതയില്‍ സജീവമായ നേതാവാണ്. 1998ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പാണ്ഡെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. താമസിയാതെ തന്നെ സമാജ്വാദി പാര്‍ട്ടി സ്ഥാപകനായ മുലായം സിംഗ് യാദവ് നയിച്ചിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. 1999 മുതല്‍ അഖിലേഷ് യാദവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം പാര്‍ട്ടിയില്‍ വിവിധ സംഘടനാപരമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2004ല്‍ ലഖ്നൗ സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കാലയളവില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 2007ല്‍ ജയിലിലാവുകയും ചെയ്തു. ആ പ്രവർത്തനങ്ങളിലൂടെയാണ് ആദ്ദേഹം പോരാളിയായ യുവനേതാവ് എന്ന പ്രതിച്ഛായ നേടിയെടുക്കുന്നത്.

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ നിയമസഭാ മണ്ഡലം, റുദൗലി, മില്‍ക്കിപൂര്‍, ബികാപൂര്‍, ദരിയാബാദ് എന്നിവയ്ക്കൊപ്പം അയോധ്യ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ്. മതപരവും രാഷ്ട്രീയവുമായ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അയോധ്യ എന്ന് തന്നെയാണ് വിലയിരുത്തല്‍.

Content Highlights: Akhilesh Yadav has named senior leader Pawan Pandey as the Samajwadi Party's candidate from Ayodhya for the upcoming Uttar Pradesh Assembly elections. The announcement signals the party's focus on Ayodhya and the Ram Temple issue as a key election plank. Pawan Pandey, who created history with a victory in 2012, will once again seek to reclaim the constituency.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us