'എന്റെ ജനങ്ങളെ വിട്ട് നില്‍ക്കാന്‍ എനിക്ക് കഴിയില്ല'; ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ പ്രശ്‌നം ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു

'എന്റെ ജനങ്ങളെ വിട്ട് നില്‍ക്കാന്‍ എനിക്ക് കഴിയില്ല'; ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
dot image

ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ജനങ്ങളെ വിട്ട് നില്‍ക്കാന്‍ തനിക്ക് കഴിയില്ല. തന്റെ സുരക്ഷ എന്ന കണക്കുകൂട്ടലുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. മുന്‍കാലത്തിലും താന്‍ ഇത്തരം വ്യവസ്ഥകള്‍ക്ക് എതിരെ പോരാടിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്താന്‍ മുന്‍പ് 19 തവണ ശ്രമം നടന്നു. തന്നെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ദക്ഷിണേന്ത്യയിലെ വിദേശ പ്രതിനിധികളുടെ ക്ലബ്ബ് സംഘടിപ്പിച്ച വെര്‍ച്വല്‍ മീഡിയ സംവാദത്തിലായിരുന്നു ഷെയ്ഖ് ഹസീനയുടെ പ്രതികരണം.

തന്റെ ജനങ്ങളില്‍ നിന്ന് താന്‍ അകന്നു പോയിട്ടില്ല. വിദ്യാര്‍ത്ഥികളെ വൈകാരികമായി തെറ്റിദ്ധരിപ്പിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത നീക്കമായിരുന്നു നടന്നത്. 2024 ജൂലൈ 15നാണ് പ്രതിഷേധങ്ങളുടെ സ്വഭാവം മാറിയത്. കൃത്യമായ നിര്‍ദേശങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. ജെന്‍ സി കലാപം വിദ്യാര്‍ത്ഥി മുന്നേറ്റമായിരുന്നില്ല. തുടക്കം മുതല്‍ പ്രതിഷേധക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. അവാമി ലീഗ് നേതാക്കളെ കൊല ചെയ്തു. കഴിഞ്ഞ രണ്ടുവരഷമായി ബംഗ്ലദേശ് ഭീതിയിലാണ്. ഒരു ബുദ്ധി കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം പ്രക്ഷോഭം നടന്നുവെന്ന് മുഹമ്മദ് യൂനുസ് തന്നെ പറഞ്ഞു. ജൂലൈ 15 മുതല്‍ സമരത്തിന്റെ രൂപം മാറി. പെട്രോള്‍ ബോംബുകള്‍ ഉപയോഗിക്കപ്പെട്ടു. കൊള്ള വ്യാപകമായെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

തുടക്കം മുതല്‍ പ്രതിഷേധക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും ഹസീന പറഞ്ഞു. സത്യം പുറത്ത് വരാന്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ അനുവദിച്ചില്ല. അന്വേഷണം പകുതി വഴിയില്‍ നിര്‍ത്തി. ഭരണഘടനയ്ക്ക് മേല്‍ നടന്ന ആസൂത്രിത ആക്രമണമാണത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 3500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വികസനം തകര്‍ന്നു. സാധാരണ ജനങ്ങളാണ് വലിയ വില നല്‍കുന്നത്. വ്യവസായ മേഖല പൂര്‍ണമായും തകര്‍ന്നു. രണ്ടുകോടി ജനങ്ങള്‍ തൊഴിലില്ലായ്മ നേരിടുന്നു. ഇന്ന് രാജ്യത്തിന്റെ അവസ്ഥ ദയനീയമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ വര്‍ധിക്കുന്നു. സര്‍ക്കാര്‍ കടം വാങ്ങി കൂട്ടുകയാണ്. ധാക്ക ബാങ്കില്‍ നിന്ന് 600-700 കോടി രൂപ പ്രതിദിനം കടം വാങ്ങുന്നു. ജിഡിപി, വ്യാവസായിക ഉത്പാദനം, ബാങ്കിംഗ് മേഖല എല്ലാം തകരുന്ന അവസ്ഥയിലാണെന്നും ഹസീന വ്യക്തമാക്കി.

ബംഗ്ലാദേശിലെ പ്രശ്‌നം ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെടുന്നു. നീതിക്കും ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കണം. ബംഗ്ലാദേശില്‍ രാഷ്ട്രീയ തടവുകാരെ പുറത്തുവിടണം. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.

Content Highlights- Sheikh Hasina said she intends to return to Bangladesh in December, stating that she cannot remain away from her people.

dot image
To advertise here,contact us
dot image