

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ചോദ്യപേപ്പര്‍ ചോര്‍ച്ച ആഴത്തില്‍ ചര്‍ച്ച ആവശ്യമുളള ഗൗരവതരമായ പ്രശ്‌നമാണെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ജെ പി നദ്ദ പറഞ്ഞു. നദ്ദയുടെ പ്രസ്താവനയോട് പ്രതികരണവുമായി സിജെപി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ വിട്ടുവീഴ്ച്ചയില്ലെന്നാണ് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സൗരവ് വ്യക്തമാക്കി.
'ജനങ്ങളോട് ഉത്തരവാദിത്തമുളള സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളളത്. പരസ്പരം കടന്നാക്രമിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും അപ്പുറം നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യമായ വേദി പാര്‍ലമെന്റാണ്. ആ ചര്‍ച്ചയ്ക്ക് ഞങ്ങള്‍ സജ്ജരാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്? ഇതില്‍ ഉള്‍പ്പെട്ടവര്‍ ആരൊക്കെയാണ്? ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? ചോദ്യപേപ്പര്‍ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അത് കൈകാര്യം ചെയ്തത്? ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എങ്ങനെയാണ് പരിഹാരം കണ്ടെത്തേണ്ടത്? ഇത്തരം വിശദാംശങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നുളള സമഗ്രമായ ചര്‍ച്ച നടക്കട്ടെ' എന്നാണ് ജെപി നദ്ദ പറഞ്ഞത്.
സിജെപി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനുളള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ പശ്ചാത്തലത്തില്‍ സമരവേദിയ്ക്കും പരിസരപ്രദേശങ്ങള്‍ക്കും ചുറ്റും കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തലസ്ഥാനത്ത് അതിന്റെ ഭാഗമായി കടുത്ത ഗതാഗത സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നുണ്ടെങ്കിലും ചര്‍ച്ച എപ്പോള്‍ ഏത് രീതിയില്‍ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ജന്തര്‍ മന്തറിലെ സിജെപി സമരവേദിയ്ക്ക് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. പൊലീസും സിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ട് എസിപിമാരും ഇന്‍സ്‌പെക്ടറുമടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights:JP Nadda announces the central government's readiness for talks regarding exam irregularities, while CJP stands firm on demanding Union Education Minister Dharmendra Pradhan's resignation.