യുവതയെ കേള്‍ക്കണം, അവരിലാണ് നാടിന്റെ ഭാവി: സിജെപി സമരത്തെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ

'ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സമീപനം ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തന്നെ മുറിവേല്‍പ്പിക്കുന്നു'

യുവതയെ കേള്‍ക്കണം, അവരിലാണ് നാടിന്റെ ഭാവി: സിജെപി സമരത്തെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ
dot image

കോട്ടയം: സിജെപി സമരത്തിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു. യുവതയെ കേള്‍ക്കണം, അവരിലാണ് നാടിന്റെ ഭാവി. ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സമീപനം ജനാധിപത്യത്തിന്റെ മൂല്യങ്ങളെത്തന്നെ മുറിവേല്‍പ്പിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണം. ആവശ്യത്തെ കേള്‍ക്കാനും അനുഭാവപൂര്‍വ്വം പരിഹരിക്കാനും അധികൃതര്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ആവശ്യപ്പെട്ടു.

അതേസമയം രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് പിന്തുണയുമായി തലസ്ഥാനത്തെത്തുന്നത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തെരുവില്‍ മര്‍ദ്ദിച്ചതിനെതിരെയും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഴുവന്‍ ക്യംപസുകളിലും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫും നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights: The Orthodox Church expressed support for the CJP protest, stating that the voices of young people should be heard as they represent the nation's future.

dot image
To advertise here,contact us
dot image