

വേനല്‍ക്കാലം അതിന്റെ കാഠിന്യത്തില്‍ എത്തി നില്‍ക്കുകയാണ്. പൊതുവെ തണുത്ത പാനീയങ്ങളാണ് ആളുകൾ കൂടുതലായി തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ യുഎഇയില്‍ കഫറ്റീരിയകളിലും ഓഫീസുകളിലും റോഡരികിലെ ചായക്കടകളിലും ഇന്നും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ആവി പാറുന്ന കരക് ചായയ്ക്കാണ്. ഇതൊരു വെറും ശീലമാണോ? ചൂട് പാനീയങ്ങൾ ശരീരത്തെ തണുപ്പിക്കുമോ? അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതെല്ലാം ശാസ്ത്രം, മനശാസ്ത്രം എന്നിവയുമായി ആളുകളുടെ ജീവിത രീതി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ചൂട് പാനീയങ്ങളോടുള്ള ഇഷ്ടം കാലാവസ്ഥയേക്കാൾ ജീവിതശൈലിയുമായും സംസ്കാരവുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധ ഡോ. ഇമാൻ അബ്ദുൽ ഖാദർ അലബാർ പറയുന്നത്. യുഎഇയിലെ പലർക്കും കരക് ചായയും കാപ്പിയും ദിനചര്യയുടെ ഭാഗമാണ്. അതിനാൽ ചൂട് കൂടിയാലും ഈ ശീലം മാറാറില്ല.
മറ്റൊരു പ്രധാന കാര്യം യുഎഇയിലെ ശീതീകരിച്ച അന്തരീക്ഷമാണ്. വീടുകൾ, ഓഫീസുകൾ, ഷോപ്പിങ് മാളുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ പുറത്തുള്ള കടുത്ത ചൂടിനും അകത്തെ തണുപ്പിനുമിടയിൽ ആളുകൾ നിരന്തരം സഞ്ചരിക്കുകയാണ്. ഇത് ചൂട് പാനീയങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുമെന്നും ഡോക്ടർ പറയുന്നു.
ഇതേ കാര്യങ്ങളെ ശരീരശാസ്ത്രപരമായി വിശദീകരിക്കുകയാണ് പ്രൈം ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സഖൂത്ത്. മനുഷ്യശരീരം ഏകദേശം 37 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്താനാണ് ശ്രമിക്കുന്നത്. ചൂടുള്ള പാനീയം കുടിക്കുമ്പോൾ വിയർപ്പ് വർധിക്കാൻ സാധ്യതയുണ്ട്. ഈ വിയർപ്പ് ശരീരത്തിൽ നിന്ന് വേഗത്തിൽ ബാഷ്പീകരിക്കുകയാണെങ്കിൽ ശരീരം തണുക്കാൻ സഹായിക്കും.
എന്നാൽ യുഎഇയിലെ വേനൽക്കാലത്ത് ഈ രീതിയെ ആശ്രയിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഈ പ്രക്രിയ ഫലപ്രദമാകാൻ വിയർപ്പ് ശരിയായി ബാഷ്പീകരിക്കണം. തണുപ്പ് കൂടുതലുള്ള സാഹചര്യങ്ങളിൽ അത് നടക്കാത്തതിനാൽ പ്രതികൂലമായി ഭവിക്കും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറയുന്നു. വളരെ ചൂടുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നത് അന്നനാളത്തിന്റെ ഉൾഭാഗത്തെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്ത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃത ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം നിർദേശിക്കുന്നു.
വേനൽക്കാലത്തും ചൂട് പാനീയങ്ങൾ കുടിക്കാനുള്ള ആഗ്രഹത്തിന് പിന്നിൽ വികാരപരമായ കാരണങ്ങളുമുണ്ട് എന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും എക്‌സ്-ടെക്‌നോളജിയുടെ സ്ഥാപകയുമായ നർഗിസ നൊയ്മാൻ സാൻഡറിന്റെ അഭിപ്രായം. ഒരു കപ്പ് കരക് പലർക്കും വെറും ചായയല്ല. അത് ഒരു ദിവസത്തിന്റെ തുടക്കം, ജോലിക്കിടയിൽ ഇടവേള, സുഹൃത്തുക്കളുമായുള്ള സംഭാഷണം, മനസ്സിന് ആശ്വാസം നൽകുന്ന നിമിഷം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളെ തലച്ചോർ സുരക്ഷിതത്വവും ആശ്വാസവുമായി ബന്ധിപ്പിക്കുന്നു. ചൂട് പാനീയങ്ങൾ തൊണ്ടയിലും നെഞ്ചിലും വയറിലും ആശ്വാസകരമായ അനുഭവം സൃഷ്ടിക്കുകയും ശരീരത്തെ വിശ്രമാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം എയർ കണ്ടീഷൻ ചെയ്ത മുറികളിൽ കഴിഞ്ഞശേഷം പലർക്കും തണുത്ത പാനീയങ്ങളെക്കാൾ, ചൂട് ചായ കൂടുതൽ സുഖമുള്ളതായി അനുഭവപ്പെടുന്നു. എന്നാൽ കഫീനും പഞ്ചസാരയും കൂടുതലുള്ള പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ഉറക്കം, ഉത്കണ്ഠ, ഊർജ നില എന്നിവയെ പ്രതികൂലമായി ബാധിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു.
ആർഎകെ ആശുപത്രിയിലെ പ്രതിരോധ ആരോഗ്യ-പോഷകാഹാര വിഭാഗം മേധാവി റൂബ എൽ ഹൂറാനി പറയുന്നത്, വേനൽക്കാലത്ത് പ്രധാന പരിഗണന ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുക എന്നതാണ്. വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. പുറത്തു കൂടുതൽ സമയം ജോലി ചെയ്യുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളും ആവശ്യമായി വരാം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമം പിന്തുടരണമെന്നും, അമിത പഞ്ചസാരയുള്ള ശീതളപാനീയങ്ങൾ, അധിക കഫീൻ, എണ്ണയിൽ വറുത്ത ഭാരമുള്ള ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും അവർ നിർദേശിക്കുന്നു. ആരോഗ്യമുള്ളവരിൽ ദഹനത്തിന് ചൂട് പാനീയങ്ങൾ തണുത്ത പാനീയങ്ങളേക്കാൾ മികച്ചതാണെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ലെന്നും, ദഹനാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് പാനീയത്തിന്റെ ചൂടല്ല, ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതാണെന്നും അവർ വ്യക്തമാക്കുന്നു. അതിനാൽ കരക് ചായ ഇഷ്ടപ്പെടുന്നവർ അത് പൂർണമായി ഉപേക്ഷിക്കേണ്ടതില്ല. മിതമായ അളവിൽ കരക് ചായ കുടിക്കുകയും അതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും സമീകൃത ഭക്ഷണക്രമം പാലിക്കുകയും ചെയ്താൽ വേനൽക്കാലത്തും അത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാകാമെന്നാണ് ഇവരുടെയെല്ലാം ഏകാഭിപ്രായം.
Content Highlight: Despite temperatures reaching 45 degrees Celsius, hot karak tea continues to be a favorite beverage among many people in the UAE